നീതിപൂര്‍വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി, തീരുമാനം വേദനിപ്പിച്ചു; ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും മാത്യു.ടി.തോമസ്
Kerala News
നീതിപൂര്‍വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി, തീരുമാനം വേദനിപ്പിച്ചു; ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും മാത്യു.ടി.തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd November 2018, 6:48 pm

തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം വേദനിപ്പിച്ചുവെന്ന് മാത്യു.ടി.തോമസ്. തന്നെ പുറത്താക്കിയത് ഇടതുപക്ഷത്തിന് യോജിക്കാത്ത രീതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“നീതിപൂര്‍വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കി. കുടുംബത്തേയും തന്നെയും വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു.”

അതേസമയം പാര്‍ട്ടിയോടൊപ്പം തുടരുമെന്നും ഇടതുപക്ഷത്തോടൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: പ്രളയകാലത്ത് തന്ന റേഷനുപോലും പണം വാങ്ങിച്ചു, യു.എ.ഇ സഹായിക്കാമെന്നേറ്റപ്പോള്‍ അനുവാദം നല്‍കിയില്ല; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ജെ.ഡി.എസില്‍ നിന്ന് കെ.കൃഷ്ണന്‍ കുട്ടി എം.എല്‍.എയെ പുതിയ മന്ത്രിയായി നിയമിക്കാനാണ് ധാരണ. ജലവിഭവവകുപ്പ് മന്ത്രിയായ മാത്യു ടി.തോമസ് രാജിവെക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ജെ.ഡി.എസ് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ബംഗലുരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമാണ് കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.

ALSO READ: ദല്‍ഹിയിലെ ജുമാ മസ്ജിദ് തകര്‍ക്കണം; കലാപാഹ്വാനവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

ധാരണപ്രകാരം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെ.ഡി.എസില്‍ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു ടി. തോമസ്സിനെതിരെ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും ദേശീയനേതൃത്വത്തിന് മുന്നില്‍ പല തവണ പരാതിയുമായെത്തി.

ഒടുവില്‍ ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെ.ഡി.എസ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പ്രശ്നത്തിലിടപെട്ടത്. ഇന്ന് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തി. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു.

ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയില്ല. ഒടുവില്‍ മന്ത്രിയോട് സ്ഥാനമൊഴിയാന്‍ ദേവഗൗഡ തന്നെ നേരിട്ട് നിര്‍ദേശിച്ചു.

WATCH THIS VIDEO: