കുര്‍മി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം; ആവശ്യവുമായി പ്രതിഷേധ റാലി
national news
കുര്‍മി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം; ആവശ്യവുമായി പ്രതിഷേധ റാലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th February 2024, 10:12 pm

റാഞ്ചി: കുര്‍മി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ജാര്‍ഖണ്ഡില്‍ വന്‍ പ്രതിഷേധ റാലി. ടോട്ടമിക് കുര്‍മി വികാസ് മോര്‍ച്ചയുടെ (ടി.കെ.വി.എം) നേതൃത്വത്തിലാണ് റാലി നടന്നത്.

കുര്‍മി വിഭാഗത്തിന് എസ്.ടി പദവി നല്‍കണമെന്നും എട്ടാം ഷെഡ്യൂളില്‍ കുര്‍മലി ഭാഷ ചേര്‍ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ചില ഗൂഢാലോചനകളുടെ അടിസ്ഥാനത്തില്‍ 1950 സെപ്റ്റംബര്‍ 6ന് കുര്‍മിയെ എസ്.ടി പട്ടികയില്‍ നിന്ന് നീക്കം ചെയ്തുവെന്ന് പ്രതിഷേധ റാലിയുടെ ചീഫ് കണ്‍വീനര്‍ ശീതള്‍ ഒഹ്ദാര്‍ പറഞ്ഞു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പക്ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് പിന്തുണ നല്‍കില്ലെന്നും വോട്ട് മാറ്റിക്കുത്തുമെന്നും പ്രതിഷേക്കാര്‍ അറിയിച്ചു.

സംസ്ഥനത്തെ റാഞ്ചി, രാംഗഡ്, ബൊക്കാറോ, ധന്‍ബാദ്, ഗിരിദിഹ്, ഹസാരിബാഗ്, ജംതാര തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുര്‍മികളുടെ ഒത്തുചേരല്‍ വെറുമൊരു റാലി ആയിരുന്നില്ലെന്നും അംഗീകാരത്തിനും ബഹുമാനത്തിനും വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ പോരാട്ടത്തിന്റെ ഉജ്ജ്വലമായ പോരാട്ടമായിരുന്നുവെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി, ഒറിയ, സംസ്‌കൃതം, സന്താലി, മൈഥിലി, ഡോഗ്രി എന്നിവയുള്‍പ്പെടെ 22 ഭാഷകള്‍ ഉള്‍പ്പെടുന്നുണ്ട്.

Content Highlight: Massive protest rally in Jharkhand demanding inclusion of Kurmi community in Scheduled Tribes