മലപ്പുറം: ആദിവാസികളെ ലോകത്തെവിടെയും ജീവിക്കാന്‍ അനുവദിക്കില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആള്‍കൂട്ട കൊലപാതകങ്ങളെന്ന് ലീല സന്തോഷ്. കഴിഞ്ഞ ദിവസം കിഴിശ്ശേരിയില്‍ ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയതില്‍ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു അവര്‍. കൊലപാതക വാര്‍ത്തയടക്കം പങ്കുവെച്ചാണ് ലീല സന്തോഷിന്റെ പ്രതികരണം.
‘ഒരു ആദിവാസിയെ ലോകത്ത് എവിടെ ആണെങ്കിലും ജീവിക്കാന്‍ അനുവദിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് ഈ അടുത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതങ്ങള്‍. അതും ഏറ്റവും കൂടുതല്‍ വിദ്യാസംഭരാണെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികളില്‍ നിന്നും ആണെന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നുന്നില്ല,’ ലീല പറഞ്ഞു.
അതേസമയം രാജേഷ് മാഞ്ചി ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കേസില്‍ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കിഴിശ്ശേരി തവനൂര്‍ സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, ഫാസില്‍, ഷറഫുദ്ദീന്‍, മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ്, സൈനുല്‍ ആബിദ്, കടുങ്ങല്ലൂര്‍ സ്വദേശി അയ്യൂബ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം, അന്യായ തടവ്, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.
കള്ളനാണെന്ന് ആരോപിച്ചാണ് പ്രതികള്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചത്. എന്തിനു വന്നു, എവിടെ നിന്നാണ് വന്നത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചായിരുന്നു ഉപദ്രവം. പ്ലാസ്റ്റിക് പൈപ്പുകള്‍, മാവിന്റെ കൊമ്പ് തുടങ്ങിയവ ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു. പുലര്‍ച്ചെ 12.15 മുതല്‍ 2.30 വരെ ഉപദ്രവം തുടര്‍ന്നു. അതിനുശേഷം അനക്കമില്ലാതായതോടെ വലിച്ചിഴച്ച് 50 മീറ്റര്‍ അകലെയുള്ള അങ്ങാടിയില്‍ എത്തിക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ വെച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശിയായ രാജേഷ് മാഞ്ചി(36) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനത്തിന് ശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
CONTENT HIGHLIGHT: Mass murder is proof that tribals will not be allowed to live anywhere in the world: Leela Santosh