ന്യൂദല്‍ഹി: മാസ്‌കിന്റെ ഉപയോഗം 2022 ലും തുടരേണ്ടി വരുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍. രോഗം തടയാന്‍ ഫലപ്രദമായ മരുന്നുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
” കുറച്ച് കാലത്തേക്ക് മാസ്‌ക് ധരിക്കുന്നത് ഇല്ലാതാകാന്‍ പോകുന്നില്ല. അടുത്ത വര്‍ഷം വരെ നമ്മള്‍ മാസ്‌ക് ധരിക്കുന്നത് തുടരും,” പോള്‍ പറഞ്ഞു.
കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമോ എന്ന ചോദ്യം തള്ളിക്കളയാനാകില്ലെന്ന് പോള്‍ പറഞ്ഞു. അടുത്ത മൂന്ന്-നാല് മാസത്തിനിടയില്‍ വാക്‌സിന്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയുടെ വന്‍മതില്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. എല്ലാവരും ഒരുമിച്ച് ശ്രമിച്ചാല്‍ അത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊവിഡിന്റെ വ്യാപനം വലിയ രീതിയില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവാക്‌സിന് ഉടന്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോള്‍ പറഞ്ഞു.
അതേസമയം, 12 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് അടുത്തമാസം മുതല്‍ വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈക്കോവ് ഡി ആണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക.
ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പ്രത്യേക മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് വാക്‌സിന്‍ വിതരണം നടക്കുക.
ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആറാമത്തെ വാക്സിനാണ് സൈകോവ്-ഡി. ഈ പ്ലാസ്മിഡ് ഡി.എന്‍.എ വാക്സിന്‍ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഫലപ്രദമാവുമെന്നാണ് കണ്ടെത്തല്‍.