എനിക്ക് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വെറുപ്പാണ്; വെളിപ്പെടുത്തലുമായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍
Cricket
എനിക്ക് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വെറുപ്പാണ്; വെളിപ്പെടുത്തലുമായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th November 2023, 12:30 pm

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍.

താന്‍ ഇന്ത്യയെ വെറുക്കുന്നുവെന്നും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് വിദ്വേഷ ഇമെയിലുകള്‍ ലഭിക്കുന്നുണ്ടെന്നുമാണ് ഗുപ്റ്റില്‍ പറഞ്ഞത്.

2019 ഐ.സി.സി ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയിരുന്നു. മത്സരത്തില്‍ അവസാന നിമിഷം ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ റണ്ണൗട്ട് ആക്കിയത് ഗുപ്റ്റില്‍ ആയിരുന്നു. ഈ മത്സരത്തിനുശേഷം ഇന്ത്യന്‍ ആരാധകരില്‍ നിന്നും ഇമെയില്‍ വഴി അധിക്ഷേപിക്കുന്ന സന്ദേശങ്ങള്‍ വന്നുവെന്നാണ് ഗുപ്റ്റില്‍ വെളിപ്പെടുത്തിയത്.

2023 ലജന്‍സ് ക്രിക്കറ്റ് ലീഗിന്റെ ഡെറാഡൂണ്‍ ലെഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ മത്സരത്തില്‍ ധോണിയുടെ റണ്‍ഔട്ടിനെക്കുറിച്ചും ന്യൂസിലാന്‍ഡ് ബാറ്റര്‍ പങ്കുവെച്ചു.

‘മത്സരത്തിലെ ആ നിമിഷത്തില്‍ വളരെ വേഗത്തില്‍ സംഭവിച്ച കാര്യമായിരുന്നു അത്. പന്ത് എന്റെ മുന്നിലേക്ക് വരുന്നത് ഞാന്‍ കണ്ടു ആ പന്ത് എറിഞ്ഞാല്‍ സ്റ്റംപിൽ തട്ടാന്‍ സാധ്യതയില്ലെന്ന് ഞാന്‍ കരുതി എന്നാല്‍ അത് റണ്‍ ഔട്ട് ആയി മാറി. ഈ മത്സരത്തിനുശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. എനിക്ക് ഇന്ത്യന്‍ ആരാധകരില്‍ നിന്നും ധാരാളം വിദ്വേഷ ഈമെയിലുകള്‍ ലഭിച്ചു,’ ഹിന്ദുസ്ഥാന്‍ ടൈംസ് ഉദ്ധരിച്ച് ഗുപ്റ്റില്‍ പറഞ്ഞു.

മത്സരത്തില്‍ ധോണി ഗ്രീസില്‍ ഉണ്ടായിരുന്ന സമയത്ത് ഇന്ത്യക്ക് വിജയസാധ്യതകള്‍ നിലനിന്നിരുന്നു എന്നാല്‍ ധോണിയുടെ ആ റണ്‍ ഔട്ട് ആണ് കളിയുടെ വിധി നിര്‍ണയിച്ചത്.  മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 239 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യ 49.3 ഓവറില്‍ 229 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ മങ്ങലേറ്റു തുടങ്ങിയ സമയത്തായിരുന്നു ജഡേജയും ധോണിയും ചേര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയത്.

ജഡേജ 59 പന്തില്‍ 77 റണ്‍സും ധോണി 72 പന്തില്‍ 50 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരത്തില്‍ ഇന്ത്യ 18 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കാനായിരുന്നു കിവീസിന്റെ വിജയം.

എന്നാല്‍ 2023 ലോകകപ്പില്‍ ഇരുടീമും വീണ്ടും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്കൊപ്പമായിരുന്നു വിജയം. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ വീഴ്ത്തി ആറാം ലോക കിരീടം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Martin guptil talks about Indian cricket fans.