ലോകകപ്പില്‍ നിന്നും പുറത്ത്, പരമ്പരയിലും പുറത്ത്; ഒടുവില്‍ സബ്ബായി വന്ന് മരണമാസ് പ്രകടനം!
Sports News
ലോകകപ്പില്‍ നിന്നും പുറത്ത്, പരമ്പരയിലും പുറത്ത്; ഒടുവില്‍ സബ്ബായി വന്ന് മരണമാസ് പ്രകടനം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th September 2023, 11:59 pm

ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസിന് തകര്‍പ്പന്‍ വിജയം. കണ്‍കഷന്‍ സബ്ബായി ഇറങ്ങിയ മാര്‍നസ് ലബുഷെയ്‌നയുടെ ചിറകിലേറിയാണ് ഓസീസ് വിജയിച്ചത്. മൂന്ന് വിക്കറ്റിനായിരുന്നു കങ്കാരുപ്പടയുടെ വിജയം.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന്‍ ടെംബ ബവുമയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ 222 റണ്‍സ് നേടി. 142 പന്തില്‍ 14 ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 114 റണ്‍സാണ് ബവുമ നേടയിയത്. 32 റണ്‍സ് നേടിയ മാര്‍ക്കൊ ജന്‍സെനാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ രണ്ടാം ഫേസ് ചെയ്ത രണ്ടാം പന്തില്‍ ക്ലീന് ബൗള്‍ഡാക്കി ജന്‍സെന്‍ ദക്ഷിണാഫ്രിക്കയെ ട്രാക്കില്‍ കയറ്റിയിരുന്നു.

പിന്നീടെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും 38 റണ്‍സ് എത്തിയപ്പോഴേക്കും പിരിഞ്ഞു. അതിന് ശേഷം ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീന്‍ പരിക്കേറ്റ് മടങ്ങുകയും ജോഷ് ഇംഗ്ലിസ് (1), അലക്‌സ് കാരി (3) എന്നിവര്‍ പെട്ടെന്ന് പുറത്താകുകയും ചെയ്തതോടെ ഓസീസ് പരുങ്ങലിലായി.

എന്നാല്‍ കണ്‍കഷന്‍ സബ്ബായി ക്രീസിലെത്തിയ ലബുഷെയ്ന്‍ ഓസീസിന് ജീവന്‍ നല്‍കുകയായിരുന്നു. താരം ക്രീസിലെത്തിയപ്പോള്‍ 93/6 എന്നിങ്ങനെയായിരുന്നു ഓസീസിന്റെ സ്‌കോര്‍ ബോര്‍ഡ്.

എട്ടാമനായെത്തിയ ആഷ്ടണ്‍ അഗറിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 93 പന്ത് നേരിട്ട് എട്ട് ഫോറുകളുമായി 80 റണ്‍സാണ് ലബുഷെയ്ന്‍ നേടിയത്. മികച്ച പിന്തുണ നല്‍കിയ അഗര്‍ 48 റണ്‍സ് നേടി. അദ്ദേഹമാണ് ഫിനിഷിങ് റണ്‍ നേടിയത്.

കാമറൂണ്‍ ഗ്രീനിന് തലക്ക് പരിക്കേറ്റത് കാരണമാണ് ലബുഷെയ്‌നെ കണ്‍കഷന്‍ സബ്ബായി ഓസീസ് ഇറക്കിയത്. ഇത് വിജയം കാണുകയായിരുന്നു.

ഓസീസ് ലോകകപ്പില്‍ ടീമില്‍ നിന്നും ഈ പരമ്പരയില്‍ നിന്നുമെല്ലാം തഴഞ്ഞ താരമാണ് ലബുഷെയ്ന്‍. എന്നാല്‍ മത്സരത്തില്‍ ഓസീസിനെ വിജയിപ്പിക്കാന്‍ അദ്ദേഹം തന്നെ വേണ്ടിവന്നു. ലോകകപ്പിനുള്ള 15 അംഗ സ്‌ക്വഡില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും താരം ടീമിലില്ലായിരുന്നു. എന്നാല്‍ പരിക്കേറ്റ സ്റ്റീവ് സ്മിത്തിന് പകരം താരം ടീമിലെത്തുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് ലബുഷെയ്ന്‍ കണ്‍കഷന്‍ സബ്ബായി ടീമിലെത്തുന്നത്. 2019 ആഷസില്‍ സ്റ്റീവ് സമിത്തിന് പകരം താരം ലോര്‍ഡ്‌സില്‍ കളത്തില്‍ ഇറങ്ങിയിരുന്നു. താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച സബ്ബായിരുന്നു അത്.

Content Highlght: Marnus Labushchagne Wins the Match for Austrailia after Comin Into Crease as sub