മാര്‍ക്കറ്റ് വാല്യു കുത്തനെ ഉയര്‍ത്തി എംബാപ്പെ, തൊട്ടുപുറകില്‍ ഒമ്പത് താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്

 

ജനുവരി ഒന്ന് മുതല്‍ ആരംഭിക്കാനിരിക്കുന്ന ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഖത്തര്‍ ലോകകപ്പ് സൃഷ്ടിച്ച വലിയ പ്രതിഫലനം കാണാനാകും. ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ താരങ്ങളില്‍ പലര്‍ക്കും തങ്ങളുടെ വിപണിമൂല്യം കുത്തനെ ഉയര്‍ത്താനായി.

നിലവിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ പുതുമുഖ താരങ്ങളായെത്തി വലിയ മുന്നേറ്റം കാഴ്ചവെച്ചവര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഫിഫ ലോകകപ്പ് സമാപിച്ചതോടെ ലീഗ് മത്സരങ്ങള്‍ പുരോഗമിക്കുകയും ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള മേജര്‍ ക്ലബ്ബ് ടൂര്‍ണമെന്റുകള്‍ പ്രീ ക്വാര്‍ട്ടര്‍ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍
മികച്ച താരങ്ങള്‍ക്കായി കോടികള്‍ മുടക്കാന്‍ തയ്യാറായിരിക്കുകയാണ് ക്ലബ്ബ് മാനേജ്‌മെന്റുകള്‍.

ലോകകപ്പിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ വിപണി മൂല്യം വര്‍ധിച്ച പത്ത് താരങ്ങളുടെ പട്ടിക ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് ലോകകപ്പിലെ മികച്ച പ്രകടനത്തോടെ തന്റെ വിപണി മൂല്യം ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചത്. ഏകദേശം 20 മില്യണ്‍ യൂറോയാണ് എംബാപ്പെയുടെ വര്‍ധിച്ച മാര്‍ക്കറ്റ് വാല്യു. കൂടാതെ അര്‍ജന്റീനയുടെ യുവതാരം എന്‍സോ ഫെര്‍ണാണ്ടസും ഏകദേശം 20 മില്യണ്‍ യൂറോക്കടുത്ത് തന്റെ വിപണി മൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

അര്‍ജന്റീനയുടെ തന്നെ മറ്റൊരു സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസ് 18 മില്യണ്‍ യൂറോക്കടുത്ത് തന്റെ വിപണി മൂല്യം വര്‍ധിപ്പിച്ചപ്പോള്‍, ക്രൊയേഷ്യയുടെ ഗ്വാര്‍ഡിയോള, നെതര്‍ലന്‍ഡ്‌സിന്റെ കോഡി ഗാക്‌പോ, മൊറോക്കൊയുടെ സോഫിയാന്‍ അംബ്രബാത് എന്നിവര്‍ 15 മില്യണ്‍ യൂറോയോളം വിപണി മൂല്യം വര്‍ധിപ്പിച്ചു.

കൂടാതെ മൊറോക്കൊയുടെ ഒനാഹി 11.5 മില്യണ്‍ യൂറോയും, ഇംഗ്ലീഷ് താരങ്ങളായ ബുക്കായോ സാക്ക, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ 10 മില്യണ്‍ യൂറോ വീതവും ഉയര്‍ത്തി. അതേസമയം ഏകദേശം 9.5 മില്യണ്‍ യൂറോയാണ് ഫ്രഞ്ച് സൂപ്പര്‍താരം ടച്ചോമിന്റെ വര്‍ധിച്ച മൂല്യം.

അതേസമയം ലോകകപ്പിനോടനുബന്ധിച്ച് നിര്‍ത്തിവെച്ചിരുന്ന ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒരു ഇടവേളക്ക് ശേഷം പുനരാരംഭിക്കുകയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളോടെ നിര്‍ത്തിവെച്ചിരിക്കുന്ന എല്ലാ ലീഗ് മത്സരങ്ങളും വീണ്ടും തുടങ്ങും. ഫെബ്രുവരി മാസത്തില്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മുതലായ മേജര്‍ ടൂര്‍ണമെന്റുകളും ആരംഭിക്കും.

Content Highlights: Market Value of Footballers