ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.
മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീമിനെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്.
76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകകമായ ജയം സ്വന്തമാക്കുകയായിരുന്നു.
49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താ കാതെ നിന്ന മാർനസ് ലബുഷേങ് എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.
എന്നാൽ മൂന്ന് ദിവസം കൊണ്ട് കളിയവസാനിച്ച ഇൻഡോറിലെ പിച്ചിന് ഗുണമേന്മയില്ലെന്ന് കണ്ടെത്തിയ ഐ.സി. സി മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ പിച്ചിന് നൽകിയിരുന്നു. ഇതിനെത്തുടർന്ന് ഐ.സി.സി എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നും രണ്ട് ദിനം കൊണ്ട് മത്സരം അവസാനിച്ച ഓസീസിലെ ഗാബ പിച്ചിന് ഐ.സി.സി എത്ര ഡീ മെറിറ്റ് പോയിന്റ് കൊടുത്തു എന്ന് ആരോപിച്ച് സുനിൽ ഗവാസ്ക്കർ രംഗത്ത് വന്നിരുന്നു.
എന്നാലിപ്പോൾ ഓസീസ് പിച്ചിനെക്കുറിച്ചുള്ള ഗവാസ്ക്കറുടെ വിമർശനങ്ങൾക്കെതിരെ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസ താരമായ മാർക്ക് ടെയ്ലർ.
“പിച്ചൊരുക്കിയ ക്യൂറേറ്റർ പിച്ചിൽ ഒരുപാട് പുല്ല് അവശേഷിപ്പിച്ചിരുന്നു എന്നെനിക്ക് മനസിലായി. ഗവാസ്ക്കർ പറഞ്ഞത് ശരിയല്ല, എങ്ങനെയാണ് ഗാബ പിച്ച് ഇൻഡോറിലെ പിച്ചിന് തുല്യമാകുന്നത്.
ഗാബയിലെ പിച്ച് ഒരിക്കലും മോശമെന്ന് പറയാൻ സാധിക്കില്ല. ഇൻഡോറിലെ പിച്ച് വളരെ അശ്രദ്ധമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യക്ക് അത് അനുകൂലമായി മാറിയില്ല എന്നത് ഞങ്ങൾക്ക് കിട്ടിയ ഒരു ലോട്ടറിയാണ്,’ മാർക്ക് ടെയ്ലർ പറഞ്ഞു.
‘ഓസീസ് സ്പിന്നർമാരാണ് ഇന്ത്യൻ സ്പിന്നർമാരേക്കാൾ മികച്ച രീതിയിൽ ഇൻഡോറിൽ പന്തെറിഞ്ഞത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.