Football
അവനാണ് ഞങ്ങളുടെ റൊണാൾഡോ; യൂറോ സെമിക്ക് മുമ്പ് സൂപ്പർതാരത്തിന് ഇംഗ്ലണ്ടുകാരന്റെ പ്രശംസ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 08, 05:58 am
Monday, 8th July 2024, 11:28 am

2024 യൂറോ കപ്പ് അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സെമി ഫൈനലില്‍ നാല് ടീമുകള്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ആദ്യ സെമി ഫൈനലില്‍ സ്‌പെയിന്‍ ഫ്രാന്‍സിനെയും രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് നെതര്‍ലാന്‍ഡ്‌സിനെയുമാണ് നേരിടുക.

ഇപ്പോള്‍ ഓറഞ്ച് പടയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സൗത്ത് ഗേറ്റും കൂട്ടരും. സ്വിറ്റ്‌സര്‍ലാന്‍ഡിനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിയാണ് ഇംഗ്ലീഷ് പട സെമിയിലേക്ക് മുന്നേറിയത്. കഴിഞ്ഞ യൂറോകപ്പില്‍ ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട് നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ ആയിരിക്കും ഇംഗ്ലണ്ട് ലക്ഷ്യമിടുക.

സിഗ്‌നല്‍ ഇഡ്യൂന പാര്‍ക്കില്‍ വെച്ച് നടക്കുന്ന ഈ ആവേശകരമായ മത്സരത്തിനു മുന്നോടിയായി ഇംഗ്ലണ്ടിന്റെ ബയേണ്‍ മ്യൂണിക് സൂപ്പര്‍താരം ഹാരി കെയ്‌നിനെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യപ്പെടുത്തി കൊണ്ട് സംസാരിച്ചിരിക്കുകയാണ് യൂട്യൂബറും റേഡിയോ പ്രസന്ററുമായ മാര്‍ക്ക് ഗോള്‍ഡ്ബ്രിഡ്ജ്.

‘ഹാരി കെയ്ന്‍ നമ്മുടെ റൊണാള്‍ഡോയാണ്. കളിക്കളത്തില്‍ അവന്‍ സ്‌കോര്‍ ചെയ്തില്ലെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ടീം നല്ല പ്രകടനം നടത്തില്ല,’ മാര്‍ക്ക് ഗോള്‍ഡ്ബ്രിഡ്ജ് എക്സില്‍ കുറിച്ചു.

 

ഈ യൂറോ കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ടു ഗോളുകളാണ് കെയ്ന്‍ നേടിയിട്ടുള്ളത്. പ്രീ ക്വാര്‍ട്ടറില്‍ സ്ലൊവാക്യക്കെതിരെയുള്ള മത്സരത്തില്‍ വിജയഗോള്‍ നേടിയത് കെയ്ന്‍ ആയിരുന്നു. മത്സരത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ട് തിരിച്ചുവന്നത്.

ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ഹാമും എക്‌സ്ട്രാ ടൈമില്‍ കെയ്നും ആയിരുന്നു ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം സെമിഫൈനലും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

മറുഭാഗത്ത് റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ 5-3 എന്ന സ്‌കോര്‍ ലൈനിലായിരുന്നു ഫ്രാന്‍സ് ജയം സ്വന്തമാക്കിയത്.

 

Content Highlight: Mark Goldbridge talks about Harry Kane