Football
മറഡോണയും മെസിയും കഴിഞ്ഞാല്‍ പിന്നെ അവനാണ് അര്‍ജന്റീനയുടെ ഹീറോ; സൂപ്പര്‍താരത്തെ പുകഴ്ത്തി ഗോള്‍കീപ്പര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 26, 05:31 pm
Sunday, 26th February 2023, 11:01 pm

അര്‍ജന്റൈന്‍ ദേശീയ ടീമിന്റെ ഗോള്‍കീപ്പറായിരുന്ന താരമാണ് മരിയാനോ അന്‍ഡുഹര്‍. അര്‍ജന്റീന 2010, 2014 ലോകകപ്പ് കളിക്കുമ്പോള്‍ അന്‍ഡുഹര്‍ ആയിരുന്നു ടീമിനായി വല സൂക്ഷിപ്പുകാരന്‍.

അര്‍ജന്റൈന്‍ ഇതിഹാസങ്ങളായ ഡീഗോ മറഡോണയും ലയണല്‍ മെസിയും കഴിഞ്ഞാല്‍ ടീമിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം.

ടി.വൈ.സി സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം മറഡോണക്കും മെസിക്കും ശേഷം അര്‍ജന്റീനയുടെ മികച്ച താരമായി എയ്ഞ്ചല്‍ ഡി മരിയയെയാണ് അന്‍ഡുഹര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

താരത്തിന്റെ വിലയിരുത്തലിനോട് യോജിച്ച് നിരവധിയാരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

അര്‍ജന്റീനക്കായി തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ഡി മരിയ ഗോള്‍ നേടുന്നത്. കഴിഞ്ഞവര്‍ഷം കോപ്പ അമേരിക്കയില്‍ ബ്രസീലിനെതിരെ വിജയഗോള്‍ കുറിച്ചു.

ഫൈനലിസിമ ട്രോഫിയില്‍ ഇറ്റലിക്കെതിരെയും ലക്ഷ്യംകണ്ടു. ഖത്തറില്‍ ലോകകപ്പ് ഫൈനലില്‍ ഇറങ്ങി ഗോള്‍ നേടിയപ്പോഴും മത്സരം ജയം കണ്ടു.

ഡി മരിയ ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് താരം തന്നെ അത് തിരുത്തിയിരുന്നു. 2024 കോപ്പ അമേരിക്ക വരെ ഡിമരിയ തുടര്‍ന്നേക്കുമെന്നാണ് സൂചന. വിരമിക്കുമെന്ന തീരുമാനം തിരുത്തുകയാണെന്നും ഉടന്‍ വിരമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

ഈ സീസണില്‍ ക്ലബ്ബ് ഫുട്‌ബോളിലും മികച്ച പ്രകടനമാണ് ഡി മരിയ കാഴ്ചവെക്കുന്നത്. നിലവില്‍ യുവന്റസിനായി ബൂട്ടുകെട്ടുന്ന താരത്തെ സൈന്‍ ചെയ്യിക്കാന്‍ ബാഴസലോണയടക്കം പല ക്ലബ്ബുകളും രംഗത്തെത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2022 ലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ നിന്നും ഡി മരിയ യുവന്റസിലേക്ക് ചേക്കേറിയത്. 19 മത്സരങ്ങളില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബിനായി മൂന്ന് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് ഡി മരിയയുടെ സമ്പാദ്യം.

അതേസമയം, 190 കളികളില്‍ 36 ഗോളുകളും 85 അസിസ്റ്റുകളുമാണ് താരം റയലിനായി നേടിയത്.

Content Highlights: Mariano Andujer praises Angel Di Maria