കര്‍ണനിലെ ആ ഷോട്ടില്‍ ഒരു സിനിമക്കുള്ള കഥയുണ്ടെന്ന് പലരും പറഞ്ഞു: മാരി സെല്‍വരാജ്
Entertainment
കര്‍ണനിലെ ആ ഷോട്ടില്‍ ഒരു സിനിമക്കുള്ള കഥയുണ്ടെന്ന് പലരും പറഞ്ഞു: മാരി സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th August 2024, 10:49 pm

പാ. രഞ്ജിത്തിന്റെ സംവിധാനസഹായിയായി സിനിമാ കരിയര്‍ ആരംഭിച്ചയാളാണ് മാരി സെല്‍വരാജ്. സ്വതന്ത്രസംവിധായകനായ ആദ്യസിനിമ പരിയേറും പെരുമാള്‍ തമിഴിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. സമൂഹത്തിലെ ജാതിവ്യവസ്ഥക്കെതിരെ തന്റെ സിനിമകളിലൂടെ പ്രതിഷേധം അറിയിക്കുന്ന സംവിധായകനാണ് മാരി സെല്‍വരാജ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വാഴൈക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത സിനിമയാണ് കര്‍ണന്‍. തമിഴ്‌നാട്ടില്‍ നടന്ന കൊടിയംകുളം ബസ് കത്തിക്കല്‍ സംഭവത്തെ ആസ്പദമാക്കിയാണ് മാരി കര്‍ണന്‍ അണിയിച്ചൊരുക്കിയത്. 2021ല്‍ റിലീസായ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ധനുഷിന് പുറമെ മലയാളനടന്‍ ലാലും കര്‍ണനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ലാല്‍ അവതരിപ്പിച്ച യമരാജ എന്ന കഥാപാത്രവും മയിലി എന്ന സ്ത്രീയും തമ്മിലുള്ള റൊമാന്‍സ് സീനിനെക്കുറിച്ച് സംസാരിക്കുകയാണ് മാരി സെല്‍വരാജ്. സിനിമയുടെ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത സീനായിരുന്നു അതെന്നും ലാലിന്റെ കഥാപാത്രം ആ സ്ത്രീക്ക് ഉമ്മ കൊടുക്കുന്ന ഷോട്ട് കണ്ട് വേറെയൊരു സിനിമയാക്കനുള്ള കഥ അതിലുണ്ടെന്ന് പലരും പറഞ്ഞെന്നും മാരി സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മാരി ഇക്കാര്യം പറഞ്ഞത്.

‘കര്‍ണന്‍ സിനിമയില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രം പത്തു രൂപയെടുക്കാന്‍ വയസായ സ്ത്രീയുടെ അടുത്ത് പോയിരിക്കുന്ന സീനുണ്ട്. ആ സീനിന്റെ അവസാനം പറയാതെ പോയ ഒരു പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. കര്‍ണന്‍ പറയുന്ന രാഷ്ട്രീയവുമായി ആ സീനിന് യാതൊരു ബന്ധവുമില്ല. പക്ഷേ എന്തോ, അങ്ങനെയൊരു സീന്‍ എടുക്കാന്‍ എനിക്ക് തോന്നി.

ആ സീനിന്റെ ഒടുവില്‍ യമരാജ എന്ന ക്യാരക്ടര്‍ ആ സ്ത്രീക്ക് മുത്തം കൊടുക്കുന്ന ഒരു ഷോട്ട് വെച്ചിട്ടുണ്ടായിരുന്നു. ആ സീനിനെ പലരും പ്രത്യേകം അഭിനന്ദിച്ചിരുന്നു. അഞ്ച് മിനിറ്റ് തികച്ചില്ലാത്ത സീനില്‍ ഒരു വലിയ പ്രണയകഥ പറയാതെ പറഞ്ഞു എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ആ മുത്തം കൊടുക്കുന്ന ഷോട്ട് വെച്ച് വേറൊരു സിനിമ ചെയ്യാമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു,’ മാരി സെല്‍വരാജ് പറഞ്ഞു.

Content Highlight: Mari Selvaraj about Lal’s scene in Karnan movie