ഈ ലോകകപ്പിലെ ഏറ്റവും സ്ഥിരതയാര്‍ന്ന താരം താനാണെന്ന് അടിവരയിടുന്ന പ്രകടനവുമായി സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സെന്‍. ന്യൂസിലാന്‍ഡിനെതിരായ ഏഴാം മത്സരത്തിലും ബൗളിങ്ങില്‍ തന്റെ മാജിക് വ്യക്തമാക്കിയാണ് യാന്‍സെന്‍ പന്തെറിയുന്നത്.
തന്റെ സ്‌പെല്ലിലെ ആദ്യ എട്ട് ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് യാന്‍സെന്‍ പ്രോട്ടീസ് നിരയില്‍ നിര്‍ണായകമാകുന്നത്.
സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയെ വീഴ്ത്തിയായിരുന്നു യാന്‍സെന്‍ തുടങ്ങിയത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ കോണ്‍വേയെ ഏയ്ഡന്‍ മര്‍ക്രമിന്റെ കൈകളിലെത്തിച്ചാണ് യാന്‍സെന്‍ കിവികള്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടത്. ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു പുറത്താകുമ്പോള്‍ കോണ്‍വേയുടെ സമ്പാദ്യം.
അപകടകാരിയായ രചിന്‍ രവീന്ദ്രയായിരുന്നു യാന്‍സന് മുമ്പില്‍ അടുത്തതായി വീണത്. 16 പന്തില്‍ ഒമ്പത് റണ്‍സ് നേടി നില്‍ക്കവെ ജെറാള്‍ഡ് കോട്‌സിക്ക് ക്യാച്ച് നല്‍കിയായിരുന്നു രചിന്റെ മടക്കം.
മിഡില്‍ ഓര്‍ഡറില്‍ ടിം സൗത്തിയെയും യാന്‍സെന്‍ പുറത്താക്കി. 11 പന്തില്‍ ഏഴ് റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് സൗത്തി പുറത്തായിരിക്കുന്നത്.
ഇതോടെ കളിച്ച എല്ലാ മത്സരത്തിലും വിക്കറ്റ് വീഴ്ത്താനും യാന്‍സെന് സാധിച്ചു. 2023 ലോകകപ്പില്‍ കളിച്ച ആദ്യ അഞ്ച് മത്സരത്തിലും രണ്ട് വിക്കറ്റ് വീതം നേടിയ യാന്‍സെന്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് പിഴുതെറിഞ്ഞത്.
അതേസമയം, ന്യൂസിലാന്‍ഡ് വന്‍ പരാജയത്തെ അഭിമുഖീകരിക്കുകയാണ്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് നിലവില്‍ 32 ഓവര്‍ പിന്നിടുമ്പോള്‍ 134 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയിലാണ്.
കേശവ് മഹാരാജിന്റെ സ്പിന്‍ കരുത്തിലാണ് സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ കറക്കി വീഴ്ത്തിയത്. ഏഴ് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് മഹാരാജ് വീഴ്ത്തിയത്.