മോഹന്‍ലാലിന്റെ പുതിയ ചിത്രം മരക്കാര്‍ പ്രതീക്ഷക്കൊത്തുയരാതെ വന്നതോടെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത് ഡിസംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സിനിമക്കെതിരെ ട്രോളുകള്‍ വന്നിരുന്നു.
പ്രിയദര്‍ശനും ഐ.വി. ശശിയുടെ മകന്‍ അനി ഐ.വി. ശശിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഇപ്പോഴിതാ മരക്കാറിന്റെ തിരക്കഥയിലെ അപാകത ചൂണ്ടിക്കാട്ടിയയാളോട് ക്ഷമ പറഞ്ഞിരിക്കുകയാണ് അനി ഐ.വി. ശശി. ആം ഉട്ടോപ്പിയന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് തിരക്കഥ ദുര്‍ബലമെന്ന് വിമര്‍ശനമുയര്‍ന്നത്.
‘മോശം തിരക്കഥയാണ് ചിത്രത്തെ ബാധിച്ചത്. ഏത് സിനിമയുടെയും അടിസ്ഥാനം തിരക്കഥയാണ്. അത് ദുര്‍ബലമാണെങ്കില്‍ എത്ര ഗ്രാഫിക് വര്‍ക്ക് ചെയ്താലും സിനിമ ഇടത്തരമാകും. വലിയ നിരാശയാണുണ്ടാക്കിയത്. കാലാപാനിയും പഴശ്ശിരാജയും പോലെയുള്ള ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്,’
എന്നാണ് ട്വിറ്ററില്‍ വന്ന കുറിപ്പ്. ഇതിന് മറുപടിയായിട്ടാണ് അനി ക്ഷമ ചോദിച്ചിരിക്കുന്നത്.
അതേസമയം ചിത്രത്തിനെതിരെ ഉയരുന്ന ആക്രമണങ്ങള്‍ക്കെതിരെ മോഹന്‍ലാലും രംഗത്ത് വന്നിരുന്നു. സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ സിനിമക്കെതിരെ സമൂഹമാധ്യമത്തില്‍ ആക്രമണം നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. മരക്കാറിനെ പിന്തുണച്ച് സംവിധായകന്‍ വി.എ. ശ്രീകുമാറും രംഗത്തെത്തിയിരുന്നു.
മോഹന്‍ലാല്‍ നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.