Film News
ഇത്രയും അഭിമാനമുള്ള പോരാളി കുറ്റവാളിയായതെങ്ങനെ? കോരിത്തരിപ്പിച്ച് മരക്കാര്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 30, 10:59 am
Tuesday, 30th November 2021, 4:29 pm

ആരാധകരുടെ ആവേശം പരകോടിയിലെത്തിച്ച് മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ഡിസംബര്‍ 2ന് ചിത്രം വേള്‍ഡ് വൈഡ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതിന് മുന്നോടിയായാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

മരക്കാര്‍ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയ സൈനയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

മരക്കാറിന്റെ വരവറിയിച്ചുകൊണ്ട് ചിത്രത്തിന്റെ മൂന്ന് ടീസറുകളും അണിയറപ്രവര്‍ത്തകര്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ ടീസറിനേയും കടത്തി വെട്ടുന്ന രീതിയിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

യുദ്ധരംഗങ്ങളും ക്ലാസിക് ഫ്രെയിമുകളും ഉള്‍പ്പെടുത്തിയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒന്നും രണ്ടും ടീസറുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായത്. മലയാളികള്‍ക്ക് പുറമേ ഇന്ത്യയ്ക്ക് പുറത്തുള്ളവരും ടീസറിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ ആദ്യ ടീസറിനെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്കിന്റെ കമന്റും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ടീസറിന് താഴെയാണ് കമന്റുമായി ഫേസ്ബുക്ക് എത്തിയത്. ഫേസ്ബുക്കിന്റെ ഓഫീഷ്യല്‍ പേജില്‍ നിന്നാണ് കമന്റ് വന്നിരുന്നത്.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറുന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ഇന്ത്യയില്‍ മാത്രമല്ല ഇറ്റലിയിലും പോളണ്ടിലും അര്‍മേനിയയിലുമടക്കം മരക്കാര്‍ ചര്‍ച്ചയാവുകയാണ്. പല രാജ്യങ്ങളിലപം ഫാന്‍സ് ഷോയും ആരാധകര്‍ ഒരുക്കിയിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Marakkar Grand trailer released