അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ താൻ ആദ്യമായി മമ്മൂട്ടിയെ ചവിട്ടിയെന്ന് നടൻ മഖ്‌ബൂൽ സൽമാൻ. തനിക്ക് മമ്മൂട്ടിയെ ചവിട്ടാൻ മടി ഉണ്ടായിരുന്നെന്നും രംഗം ഷൂട്ട് ചെയ്തിട്ട് ശരിയാകാതെ വന്നപ്പോൾ ഇനി ശരിയാക്കിയില്ലെങ്കിൽ താൻ എണീറ്റ് പോകുമെന്ന് മമ്മൂട്ടി പറഞ്ഞെന്നും മഖ്‌ബൂൽ പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കസബയുടെയും, മാസ്റ്റർ പീസിന്റെയും അസ്സോസിയേറ്റ് ഡയറക്ടർ ഷാജി ആയിരുന്നു എന്നെ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലേക്ക് വിളിച്ചത്. പുള്ളി പറഞ്ഞു എന്റെ കഥാപാത്രം ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ളതാണെന്ന്.
ലൊക്കേഷനിൽ ചെന്നപ്പോൾ മൂത്താപ്പ ചോദിച്ചു നീയെന്താ ഇവിടെയെന്ന്. ഞാൻ ഈ പടത്തിൽ ഉണ്ടെന്ന് പുള്ളിക്കറിയാമായിരുന്നു. ഈ ചിത്രത്തിൽ ഞാൻ ഉണ്ടെന്ന് ഞാൻ തന്നെയറിയുന്നത് പൂജ കഴിഞ്ഞിട്ടാണ്. പൂജക്ക് ഞാൻ ചെന്നപ്പോൾ പത്തുമിനിറ്റ് വൈകിയിരുന്നു. അപ്പോഴേക്കും അതിൽ അഭിനയിക്കുന്ന എല്ലാവരെയും മൂത്താപ്പയുടെ കൂടെ നിർത്തി സ്റ്റേജിൽ കയറ്റി ഫോട്ടോയൊക്കെ എടുത്തിരുന്നു.
നിന്നെ പൂജക്ക് വിളിച്ചല്ലോ നീ ഉണ്ടായിരുന്നില്ലേ എന്നൊക്കെ പുള്ളി എന്നോട് ചോദിച്ചു. മാസ്റ്റർപീസ് പോലെയൊന്നും പ്രതീക്ഷിക്കരുത്. നെഗറ്റീവ് വേഷമാണെങ്കിലും നല്ലതയായിരിക്കുമെന്ന് പുള്ളി പറഞ്ഞു.
ഈ പടത്തിലാണ് ഞാൻ ആദ്യമായി മൂത്താപ്പയെ ചവിട്ടുന്നത്. മാസ്റ്റർപീസിൽ കോമ്പിനേഷൻ സീനുകൾ ഉണ്ടെങ്കിലും ഫൈറ്റ് സീനുകൾ ഒന്നും ഇല്ലായിരുന്നു.
ആ സീൻ ചെയ്യാൻ നല്ല പേടി ഉണ്ടായിരുന്നു. ചേട്ടാ നിങ്ങൾക്ക് അത് മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും പക്ഷെ എനിക്കത് മൂത്താപ്പയാണ്. എന്റെ മുന്നിൽ കിടക്കുന്നത് ഒരു നടനല്ലേ എന്ന് എത്ര വിചാരിച്ചാലും അതെന്റെ മൂത്താപ്പയാണെന്നുള്ള ചിന്ത കയറി വരും എന്ന് ഞാൻ ഷാജി ചേട്ടനോട് പറഞ്ഞു. മമ്മൂക്ക അതൊക്കെ സപ്പോർട്ട് ചെയ്ത് നിന്ന് തന്നോളുമെന്ന് പുള്ളി പറഞ്ഞു.
ടേക്ക് പോകാൻ നേരത്ത് ഞാൻ പുള്ളിയെ പതുക്കെ ചവിട്ടും. അങ്ങനെ ഒത്തിരി റീട്ടേക്ക് പോയി. ഓരോ ചവിട്ട് കൊടുക്കുമ്പോഴും പുള്ളി എന്നെ ഒന്ന് നോക്കും. ഇനി ചവിട്ടിയില്ലേൽ ഞാൻ എണീറ്റ് പോകുമെന്ന് പുള്ളി പറഞ്ഞു. അപ്പൊ ഞാൻ ഒറ്റ ചവിട്ട് കൊടുത്തു. ആ സീൻ കണ്ടാൽ മനസിലാകും അതിലെ പോരായ്മകൾ.
ചവിട്ടി കഴിഞ്ഞ് എനിക്ക് ഭയങ്കര വിഷമം ആയി. സാരമില്ല, സിനിമയല്ലേ കുഴപ്പമില്ലെന്ന് പുള്ളി പറഞ്ഞു. അങ്ങനെ കസബയുടെ സമയത്തും ഡയലോഗ് തെറ്റിച്ചതിന് ഞാൻ ചീത്ത കേട്ടിട്ടുണ്ട്. ഇനി നീ ശരിയാക്കിയില്ലെങ്കിൽ ഞാൻ നിന്റെ ഡയലോഗ് പറയുമെന്ന് പറഞ്ഞു. ഓരോ തവണ തെറ്റിക്കുമ്പോഴും മൂത്താപ്പ പറഞ്ഞ് തരുമായിരുന്നു. നിന്റെ ഡയലോഗ് എന്നെക്കൊണ്ട് പറയിപ്പിക്കുന്നോ എന്ന് പുള്ളി ചോദിച്ചു,’ മഖ്‌ബൂൽ പറഞ്ഞു.