ശരീരത്തില്‍ 44 മുറിവുകള്‍, മരിച്ചതിന് ശേഷമുണ്ടായ തുടയെല്ലിലെ പൊട്ടലുകള്‍; മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
Kerala News
ശരീരത്തില്‍ 44 മുറിവുകള്‍, മരിച്ചതിന് ശേഷമുണ്ടായ തുടയെല്ലിലെ പൊട്ടലുകള്‍; മാവോയിസ്റ്റ് വേല്‍മുരുകന്റെ കൊലപാതകത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2021, 5:37 pm

പടിഞ്ഞാറത്തറ: കഴിഞ്ഞ നവംബറില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ട സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകളുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടില്‍ പറയുന്നത്. മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2020 നവംബര്‍ മൂന്നിനായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിന്റെ ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ ഏറ്റുമുട്ടലെന്ന ആരോപണവുമായി ബന്ധുക്കള് രംഗത്തെത്തിയിരുന്നു. ശരീരത്തില്‍ വെടിയുണ്ടയേറ്റ ഒന്നിലധികം മുറിവുകളുണ്ടെന്ന് വേല്‍മുരുകന്റെ സഹോദരന്‍ പറഞ്ഞിരുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാജഏറ്റുമുട്ടിലിലാണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. വേല്‍മുരുകന്‍ കൊല്ലപ്പെട്ട് നാലുമാസത്തിന് ശേഷം മാത്രം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായത് ഇതുകൊണ്ടാണെന്നും ഇവര്‍ പറയുന്നു.

ഏകപക്ഷീയ ആക്രമണമാണ് നടന്നത് എന്ന് വ്യക്തം. കഴുത്തിനു താഴേയും അരക്കു മുകളിലുമായി 44 ഓളം മുറിവുകളാണുള്ളത്. ഇതെല്ലാം തന്നെ വെടിയേറ്റ മുറിവുകളുമാണ്. ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറിയ മുറിവുകളുണ്ട്. ഇത് തണ്ടര്‍ബോള്‍ട്ട് നടത്തിയ ക്രൂരവും നിയമവിരുദ്ധവുമായ വളത്തിട്ടാക്രമണമാണെന്ന് വ്യക്തമാക്കുന്നുവെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി റഷീദും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. പി.ജി ഹരിയും ചേര്‍ന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

വേലമുരുകന്‍ മരിച്ച സമയം പോസ്റ്റ് മോര്‍ട്ടം ചെയ്തവര്‍ക്ക് പറയാന്‍ കഴിഞ്ഞിട്ടില്ല. എപ്പോഴാണ് വെടിവെപ്പ് ഉണ്ടായത് എന്ന കാര്യത്തിലുള്ള സംശയത്തെ ഇതു ബാലപ്പെടുത്തുന്നു. മാധ്യമങ്ങളെ പോലും കാണിക്കാതെ ബോഡി നീക്കം ചെയ്തതും ആരെയും സംഭവ സ്ഥലത്തേക്ക് കടത്തിവിടാതിരുന്നതും സംശയകരമാണെന്നും ഇവര്‍ പറയുന്നു.

വേല്‍മുരുകന്റെ രണ്ട് തുടയെല്ലുകളിലെയും പൊട്ടല്‍ മരണത്തിന് ശേഷം സംഭവിച്ചതാണെന്നതും വെടിയുണ്ട കാരണമല്ലെന്നതും മരണത്തിന് ശേഷവും ശവശരീരത്തില്‍ ആക്രമവും ക്രൂരതയും കാട്ടി എന്ന് വ്യക്തമാക്കുന്നതാണെന്നും ഈ പ്രസ്താവനയില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Maoist Velmurugan encounter killing in Padinjarathara Wayanad, Post mortem report out