തിരുവനന്തപുരം: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കും വരെ പൊലീസ് നടപടി തുടരുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. വടക്കന്‍ ജില്ലകളില്‍ നാട്ടുകാരുടെ സൈ്വര്യജീവിതത്തിന് തടസമായത് കൊണ്ടാണ് പൊലീസ് നടപടി തുടങ്ങിയതെന്നും ഡി.ജി.പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തിലും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിലും ക്രൈംബ്രാഞ്ച്, മജിസ്റ്റീരിയല്‍ തല അന്വേഷണങ്ങള്‍ നടത്തുമെന്നും ഡി.ജി.പി വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് അന്വേഷണമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തപ്പോഴാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് ഡി.ജി.പി അവകാശപ്പെട്ടു.
സി.പി ജലീലിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മരണ വിവരം പോലും ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും ജലീലിന്റെ മൃതദേഹം വിട്ടുനല്‍കണമെന്നും സഹോദരന്‍ ജിഷാദ് പറഞ്ഞിരുന്നു.