വസുന്ധര രാജെയോട് പ്രതിഷേധിച്ചാണ് ബി.ജെ.പി വിട്ടത്; തനിക്ക് സ്വര്‍ഗത്തില്‍ നിന്ന് എ.ബി വാജ്‌പേയിയുടെ അനുഗ്രഹമുണ്ട്: മാനവേന്ദ്ര സിങ്
national news
വസുന്ധര രാജെയോട് പ്രതിഷേധിച്ചാണ് ബി.ജെ.പി വിട്ടത്; തനിക്ക് സ്വര്‍ഗത്തില്‍ നിന്ന് എ.ബി വാജ്‌പേയിയുടെ അനുഗ്രഹമുണ്ട്: മാനവേന്ദ്ര സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 7:23 pm

ജയ്പൂര്‍: വസുന്ധര രാജെയുടെ പ്രവര്‍ത്തന ശൈലിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി വിട്ടതെന്ന് ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ്. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും തനിക്കു പ്രശ്‌നങ്ങളില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ തനിക്ക് സ്വര്‍ഗത്തില്‍ നിന്ന് എ.ബി വാജ്‌പേയിയുടെ അനുഗ്രഹമുണ്ടെന്നും മാനവേന്ദ്ര സിങ് പറഞ്ഞു.

“2014ല്‍ എന്റെ അച്ഛനെ പാര്‍ട്ടി പുറത്താക്കിയത് വലിയ വേദനയുണ്ടാക്കി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളിലും അത് നിരാശയുണ്ടാക്കി. രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയമായിരുന്നു അതിനു കാരണം. വസുന്ധരയായിരുന്നു ആ നീക്കത്തിനു പിന്നില്‍. മോദിയോടും അമിത് ഷായോടും അധികം സംസാരിക്കാറില്ല. അതിനാല്‍ പ്രശ്‌നങ്ങളുമില്ലായിരുന്നു.


സ്വര്‍ഗത്തില്‍ നിന്ന് എ.ബി വാജ്‌പേയി എന്നെ അനുഗ്രഹിക്കുന്നുണ്ട്. എന്റെ എല്ലാ നീക്കത്തിനും ആ അനുഗ്രഹമുണ്ടെന്നും” മാനവേന്ദ്ര സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടേത് മൃദു ഹിന്ദുത്വ സമീപനമല്ലെന്നും പരിചയസമ്പന്നതയില്‍ നിന്നുള്ള വര്‍ധിച്ച ആത്മവിശ്വാസമാണ് രാഹുല്‍ ഗാന്ധിയില്‍ ദൃശ്യമാകുന്നതെന്നും മാനവേന്ദ്ര സിങ് വ്യക്തമാക്കി. രാജസ്ഥാനിലെ ജാല്‍റപഠന്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ എതിര്‍ സ്ഥാനാര്‍ത്ഥി മാനവേന്ദ്ര സിങ്ങാണ്.

അതേസമയം, നരേന്ദ്രമോദിക്ക് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വത്തെ കുറിച്ച് അറിവില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. “എന്താണ് ഹിന്ദുത്വത്തിന്റെ ഉള്ളടക്കം? ഭഗവത് ഗീതയില്‍ എന്താണ് പറയുന്നത്? ഈ വിവരങ്ങളെളെല്ലാം നമുക്കറിയാം. നമ്മുടെ പ്രധാനമന്ത്രി പറയുന്നത് അദ്ദേഹം ഹിന്ദുവാണെന്ന്, എന്നാല്‍ സത്യത്തില്‍ അദ്ദേഹത്തിന് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം പോലും മനസിലാക്കാനുള്ള കഴിവില്ല. എന്ത് ഹിന്ദുവാണ് അദ്ദേഹം” രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.


രാജസ്ഥാനിലെ ഉദയ്പൂരില്‍ ബിസിനസുകാരുടെയും ഉദ്യോഗസ്ഥരുടെയും സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും തനിക്കറിയാമെന്നും ലോകത്തുള്ള സകല ജ്ഞാനവും തന്റെ തലയില്‍ നിന്നുമാണ് ഉദിക്കുന്നതെന്നുമാണ് മോദി കരുന്നതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.