എനിക്കൊരു വേദിക്കായിട്ടല്ല ഞാന്‍ പ്രതികരിച്ചത്, ആ വേദികള്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല; അങ്ങനെയെങ്കില്‍ നേരത്തെ ഒരുപാട് വിഷയങ്ങളില്‍ പ്രതികരിക്കാമായിരുന്നു: മന്‍സിയ പറയുന്നു
Kerala News
എനിക്കൊരു വേദിക്കായിട്ടല്ല ഞാന്‍ പ്രതികരിച്ചത്, ആ വേദികള്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല; അങ്ങനെയെങ്കില്‍ നേരത്തെ ഒരുപാട് വിഷയങ്ങളില്‍ പ്രതികരിക്കാമായിരുന്നു: മന്‍സിയ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th March 2022, 3:32 pm

കൊച്ചി: മതത്തിന്റെ പേരില്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ ഭരതനാട്യം അവതരിപ്പിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ പ്രതികരണവുമായി മന്‍സിയ വി.പി. ഒരു കലാകാരിയെന്ന നിലയില്‍ ഒട്ടും മാന്യമായിട്ടായിരുന്നില്ല ക്ഷേത്ര സമിതിയുടെ പ്രതികരണമെന്ന് മന്‍സിയ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

‘ഞാനിത്തരം ഒരു വിഷയം ഉയര്‍ത്തിപ്പിടിച്ചതിന് കാരണം എനിക്ക് കൂടല്‍ മാണിക്യക്ഷേത്രത്തില്‍ നൃത്തം ചെയ്യണം എന്ന പിടിവാശിയായിരുന്നില്ല. ഒരു കലാകാരിയെന്ന നിലയില്‍ ഒട്ടും മാന്യമായിട്ടായിരുന്നില്ല അവരുടെ പ്രതികരണം. അതിന്റെ ഒരു പ്രതിഷേധവും കലയില്‍ ഇപ്പോഴും ജാതിയും മതവുമെന്ന നിരാശയുമായിരുന്നു എന്നെ സംബന്ധിച്ച്. എന്നെ പിന്തുണച്ച് ഒരുപാട് പേര്‍ മുന്നോട്ട് വന്നതില്‍ സന്തോഷം. മോശം പ്രതികരണങ്ങളും ഒരുപാട് വരുന്നുണ്ട്. പിന്തുണച്ചവരെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു.

എനിക്കൊരു വേദിക്കായിട്ടല്ല ഞാന്‍ പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ നേരത്തെ ഒരുപാട് വിഷയങ്ങളില്‍ പ്രതികരിക്കാമായിരുന്നു. ഇത്തരത്തിലുള്ള കാഴ്ചപ്പാട് കൂടിക്കൂടി വരുന്നതും സുഹൃത്തുക്കളുള്‍പ്പെടെ സമാന അനുഭവം പങ്കുവെച്ചതുമാണ് എന്റെ പ്രതികരണത്തിന് കാരണമായത്. പക്ഷെ ആ വേദികള്‍ക്ക് വേണ്ടിയല്ല ഞാന്‍ സംസാരിക്കുന്നത്. ആ വേദികള്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.

അവഗണന നേരിടുന്ന എല്ലാ കലാകരന്മാരെയും ചേര്‍ത്ത് പിടിക്കണം. മന്‍സിയ പല പ്രിവിലേജുകളും കിട്ടിയ കലാകാരി തന്നെയാണ്. എനിക്കിനി വേദി കിട്ടിയില്ലെങ്കിലും സങ്കടമില്ല. ഒരു കലാകാരിയെന്ന നിലയില്‍ പ്രാക്ടീസിലൂടെയും സന്തോഷം കണ്ടെത്തുന്ന ആളാണ്. അവഗണന നേരിടുന്ന ഒരുപാട് കലാകരന്മാര്‍ക്ക് കൂടി ഈ വേദികള്‍ ഉപകരിക്കട്ടെ. മന്‍സിയയെ മാത്രം പരിഗണിക്കരുത്.

ഒരു മതാചാരത്തെയും നിഷേധിക്കാനോ അത്തരത്തിലൊരു ഇടത്തില്‍ പോയി നൃത്തം ചെയ്താലെ മതിയാവൂ എന്ന വാശി എനിക്കില്ല. പക്ഷെ കലയെന്നത് മതേതര മുഖമുള്ളതാണ്. അത്തരത്തിലുള്ള ഇടങ്ങള്‍ ഒരുപാട് വരട്ടെ. അത് ഇന്നോ നാളെയോ ഉണ്ടാവുമെന്ന പ്രതീക്ഷയില്ല. ഇന്നല്ലെങ്കില്‍ നാളെ ഒരു മാറ്റത്തിന് തിരികൊളുത്തുകയാണെങ്കില്‍ വലിയ സന്തോഷം,’ മന്‍സിയ പറഞ്ഞു.

മന്‍സിയക്ക് അവസരം നിഷേധിച്ചതില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിരുന്നു. മന്‍സിയക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങള്‍ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മന്‍സിയ ശ്യാം എന്ന പേരില്‍ അപേക്ഷ നല്‍കിയപ്പോള്‍ അംഗീകരിക്കുകയും പിന്നീട് അവര്‍ ഹിന്ദുമതത്തില്‍പ്പെട്ടയാളല്ലെന്ന് മനസിലായപ്പോള്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു എന്നാണ് ക്ഷേത്ര ഭരണ സമിതി ഈ വിഷയത്തില്‍ നല്‍കിയിരിക്കുന്ന വിശദീകരണം. ഇത് സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കലയും സംസ്‌കാരവും മാനവികതയുടെ അടിവേരാണെന്നും ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു. മാനവികത സംരക്ഷിക്കാനാവശ്യമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മന്‍സിയക്ക് അവസരം നിഷേധിച്ചതിന് പിന്നാലെ ക്ഷേത്രം തന്ത്രി പ്രതിനിധി രാജിവെച്ചിരുന്നു. ഭരണസമിതിയില്‍ നിന്നാണ് തന്ത്രി പ്രതിനിധി എന്‍.പി.പി നമ്പൂതിരി രാജിവെച്ചത്. മന്‍സിയയ്ക്ക് അവസരം നിഷേധിച്ചതില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പിന്നാലെയായിരുന്നു രാജി.

Content Highlights: Mansiya says about the koodalmanikyam temple issue