അടുത്ത മത്സരത്തിൽ ആ നിർണായകമായ തീരുമാനം എടുത്താൽ മുംബൈക്ക് വിജയിക്കാം: നിർദേശവുമായി മനോജ് തിവാരി
Cricket
അടുത്ത മത്സരത്തിൽ ആ നിർണായകമായ തീരുമാനം എടുത്താൽ മുംബൈക്ക് വിജയിക്കാം: നിർദേശവുമായി മനോജ് തിവാരി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd April 2024, 3:13 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കഴിഞ്ഞദിവസം
നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റുകള്‍ക്കാണ് മുംബൈയെ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ തുടർച്ചയായ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടതിന് പിന്നാലെ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ക്കെതിരെ ധാരാളം വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

ഇപ്പോഴിതാ ഹര്‍ദിക്ക് പാണ്ഡ്യയുടെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഹര്‍ദിക് വളരെയധികം സമ്മര്‍ദത്തില്‍ ആണെന്നും അടുത്ത മത്സരത്തില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ ആക്കണമെന്നുമാണ് മനോജ് തിവാരി പറഞ്ഞത്.

‘വലിയ ഫ്രാഞ്ചൈസികള്‍ക്ക് ഒരു മാറ്റം വരുത്താന്‍ ഇപ്പോള്‍ സമയമില്ല എന്ന് അനുഭവത്തോടെയാണ് ഞാനിപ്പോള്‍ പറയുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരത്തിനു മുന്നോടിയായി രോഹിത് ശര്‍മയ്ക്ക് മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കണം,’ മനോജ് പറഞ്ഞു.

മുംബൈ നായകന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും മനോജ് തിവാരി പറഞ്ഞു.

‘ഹര്‍ദിക് ഇപ്പോള്‍ വളരെയധികം സമ്മര്‍ദത്തിലാണ്. അതുകൊണ്ടാണ് അവന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ പന്തറിയാതിരുന്നത്. മുംബൈക്കായി അവന്‍ മത്സരങ്ങളില്‍ എപ്പോഴും ഓപ്പണിങ് ബോള്‍ ചെയ്യാറുണ്ട്. എന്നാല്‍ രാജസ്ഥാനിലെയുള്ള മത്സരത്തില്‍ അവന്‍ ആദ്യമായി ബോള്‍ ചെയ്തില്ല.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെയും ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി വളരെ സാധാരണമായിരുന്നു. കളിക്കളത്തില്‍ അവന്‍ വലിയ തെറ്റുകളാണ് വരുത്തുന്നത്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലെ പതിമൂന്നാം ഓവര്‍ അവന്‍ ബുംറക്ക് നല്‍കിയില്ല. അവന്‍ ടീമിലെ ബാറ്റിങ് സ്ഥാനങ്ങള്‍ പോലും കൃത്യമായി ക്രമീകരിച്ചിട്ടില്ല. മുഴുവനായും നോക്കുകയാണെങ്കില്‍ മുംബൈ ടീമിനുള്ളില്‍ എന്തോ വലിയ കുഴപ്പമുണ്ട്,’ മനോജ് കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഏഴിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.

Content Highlight: Manoj Tiwari talks about Hardik Pandya performance in IPL 2024