ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് മനോജ് കെ. ജയന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹനടനായും പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ മനോജ് കെ. ജയന് സാധിച്ചു. മൂന്ന് തവണ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരം തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
റൊമാന്റിക് ചിത്രങ്ങളില്‍ നായകവേഷം, നല്ല പാട്ടുകള്‍ പാടി അഭിനയിക്കാന്‍ കഴിയുക എന്നിങ്ങനെ, സിനിമാ നടന്‍ എന്ന നിലയില്‍ അന്നുണ്ടായിരുന്ന സ്വപ്നങ്ങളെ ‘പെരുന്തച്ചന്‍’ അട്ടിമറിച്ചു – മനോജ് കെ. ജയന്‍
തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ അസൂയാവഹമായ അംഗീകാരമായിരുന്നു പെരുന്തച്ചന്‍ എന്ന ചിത്രമെന്നും റൊമാന്റിക് ചിത്രങ്ങളില്‍ നായകവേഷം, നല്ല പാട്ടുകള്‍ പാടി അഭിനയിക്കാന്‍ കഴിയുക എന്നിങ്ങനെ, സിനിമ നടന്‍ എന്ന നിലയില്‍ അന്നുണ്ടായിരുന്ന സ്വപ്നങ്ങളെ പെരുന്തച്ചന്‍ അട്ടിമറിച്ചെന്നും മനോജ് കെ. ജയന്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുമിളകള്‍ എന്ന ടെലിവിഷന്‍ പരമ്പരയില്‍ തുടക്കമിട്ട എനിക്ക് കിട്ടിയ മൂന്നാമത്തെ സിനിമയായിരുന്നു എം.ടി.സാറിന്റെ പെരുന്തച്ചന്‍. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ അസൂയാവഹമായ അംഗീകാരമായിരുന്നു അത്. റൊമാന്റിക് ചിത്രങ്ങളില്‍ നായകവേഷം, നല്ല പാട്ടുകള്‍ പാടി അഭിനയിക്കാന്‍ കഴിയുക എന്നിങ്ങനെ, സിനിമാ നടന്‍ എന്ന നിലയില്‍ അന്നുണ്ടായിരുന്ന സ്വപ്നങ്ങളെ ‘പെരുന്തച്ചന്‍’ അട്ടിമറിച്ചു.
ആ സിനിമ കണ്ടാണ് ഹരിഹരന്‍സാര്‍ ‘സര്‍ഗ’ത്തിലേക്ക് എന്നെ വിളിച്ചത്. ഒന്നിനൊന്ന് വളമാകുന്ന രീതിയിലാണ് എന്റെ അഭിനയ ജീവിതം തുടങ്ങിയത്. തുടര്‍ന്ന് ക്ലാസിക് സിനിമകളിലും കൊമേര്‍ഷ്യല്‍ സിനിമകളിലും ഒരേസമയം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യം.
‘പരിണയം’ ചെയ്യുന്ന സമയത്ത് തന്നെയാണ് മറുവശത്ത് പക്കാ കൊമേര്‍ഷ്യല്‍ ചിത്രമായ ‘വളയം’ ചെയ്തത്. എല്ലാ കാലത്തും ഞാന്‍ ഈ രണ്ട് തരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം ദൈവാനുഗ്രഹത്താല്‍ എന്നെത്തേടി വന്ന സിനിമകളായിരുന്നു. ഷാജി കൈലാസിന്റെ ‘അസുരവംശം’, ഹരിദാസിന്റെ ‘കണ്ണൂര്‍’ എന്നീ ആക്ഷന്‍ ചിത്രങ്ങളിലൂടെ കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങള്‍ കിട്ടി.
തുടര്‍ന്ന് അത്തരം ചിത്രങ്ങളുടെ എണ്ണം കൂടിയപ്പോള്‍ ഞാന്‍ അതില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പ്രത്യേക ഇമേജില്‍ കുടുങ്ങിപ്പോകാതിരിക്കാന്‍ ഞാന്‍ ഏറെ ശ്രദ്ധിച്ചു. ‘സീനിയേഴ്‌സ്’, ‘മല്ലു സിങ്’, ‘തട്ടത്തിന്‍ മറയത്ത്’, ‘നേരം’ എന്നീ ചിത്രങ്ങളിലൂടെ കോമഡി ചെയ്യാത്ത നടനെന്ന ഇമേജും പൊളിക്കാന്‍ കഴിഞ്ഞു,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan talks about Perunthachan movie