1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഒരിടവേളക്ക് ശേഷം മനോജ് കെ. ജയന്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ നേരം. റെയ്ബാന്‍ എന്ന കഥാപാത്രമായാണ് മനോജ് കെ. ജയന്‍ ചിത്രത്തില്‍ എത്തിയത്. വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ റെയ്ബാനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
നേരം എന്ന ചിത്രത്തിലെ ലുക്കിനെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ അടുത്ത് വന്ന് കഥ പറഞ്ഞശേഷം ബിഗ് ബിയിലെ ലുക്കുപോലുള്ളതാണ് ഈ കഥാപാത്രത്തിനും ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞെന്ന് മനോജ് കെ. ജയന്‍ പറയുന്നു.
ഷൂട്ടിന് മുമ്പ് താന്‍ മീശ വടിച്ച് അല്‍ഫോണ്‍സ് പുത്രനെ വിളിച്ചെന്നും അദ്ദേഹം വന്ന് കണ്ട് ഇതാണ് താന്‍ മനസില്‍ ഉദ്ദേശിച്ച ലുക്കെന്ന് പറഞ്ഞെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നേരത്തിന്റെ കഥ അല്‍ഫോണ്‍സ് പുത്രന്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു. കഥയെല്ലാം ഇഷ്ടപ്പെട്ട് ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് അല്‍ഫോണ്‍സ് എന്റെ അടുത്ത് വന്ന് പറഞ്ഞു ‘ചേട്ടാ, നമുക്ക് ബിഗ് ബിയിലെ ലുക്കാണ് വേണ്ടത്. എനിക്കത് ഭയങ്കര ഇഷ്ടമുള്ള ലുക്കാണ്’ എന്നാണ്.
കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ അസിസ്റ്റന്റ്സിനോട് അല്‍ഫോണ്‍സിനെ വിളിക്കാന്‍ പറഞ്ഞു. പുള്ളി വന്ന് നോക്കുമ്പോള്‍ ഞാന്‍ മീശയെല്ലാം എടുത്ത് നില്‍ക്കുകയാണ്. ‘ചേട്ടാ ചേട്ടന്‍ മീശയെടുത്തതോ. നമുക്ക് ഈ ലുക്കാണ് വേണ്ടത്. കിടിലന്‍ ആയിട്ടുണ്ട്. ഇത് തന്നെ പിടിക്കാം’ എന്ന് എന്നെ കണ്ട് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
Content highlight: Manoj K Jayan Talks about his character look in Neram movie