2022ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു സല്യൂട്ട്. ബോബി-സഞ്ജയ് തിരക്കഥയെഴുതിയ ഈ സിനിമ റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു സംവിധാനം ചെയ്തത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച സല്യൂട്ടില്‍ ദുല്‍ഖര്‍ തന്നെയായിരുന്നു നായകനായി എത്തിയത്.
അദ്ദേഹത്തിന് പുറമെ ഡയാന പെന്റി, മനോജ് കെ. ജയന്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ സല്യൂട്ടില്‍ എസ്.ഐ അരവിന്ദ് കരുണാകരനായി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരനായി അഭിനയിച്ചത് മനോജ് കെ. ജയന്‍ ആയിരുന്നു. ഇപ്പോള്‍ സല്യൂട്ട് സിനിമയെ കുറിച്ചും ദുല്‍ഖര്‍ സല്‍മാനെ കുറിച്ചും പറയുകയാണ് മനോജ്. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഒരു അള്‍ട്ടിമേറ്റ് കോമ്പിനേഷനാണ് റോഷനും ദുല്‍ഖറും. അവര്‍ ഒരുമിക്കുന്ന ഒരു സിനിമയില്‍ എനിക്കും പ്രാധാന്യമുള്ള ഒരു റോള്‍ കിട്ടുന്നത് വലിയ കാര്യമാണ്. അതിനുമുമ്പ് സോളോ എന്ന സിനിമയില്‍ ഞാനും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചിട്ടായിരുന്നു.
അതില്‍പക്ഷേ, ഞങ്ങള്‍ ഒരുമിച്ച് വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സല്യൂട്ട് എന്ന സിനിമയില്‍ അങ്ങനെയായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ചുള്ള കുറെ സീനുകളുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും അതില്‍ ബ്രദേഴ്‌സായിട്ടാണ് അഭിനയിച്ചത്. അതൊരു പൊലീസ് സ്റ്റോറിയായിരുന്നു.
പൊലീസുകാരുടെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ടുനിന്ന ഒരു കഥയായിരുന്നു. മാത്രമല്ല, കുടുംബത്തെ കുറിച്ചും പറയുന്നുണ്ടായിരുന്നു. അതില്‍ ഞാനും ദുല്‍ഖറും ജ്യേഷ്ഠാനുജന്മാരായിട്ടാണ് അഭിനയിച്ചത്.
ഞങ്ങള്‍ സിനിമക്ക് പുറത്ത് എങ്ങനെയാണെന്ന് ചോദിച്ചാല്‍, സിനിമക്ക് പുറത്തും ദുല്‍ഖര്‍ എന്നെ ‘ഏട്ടാ, മനോജ് ഏട്ടാ’ എന്നുതന്നെയാണ് വിളിക്കുന്നത്,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan Talks About Dulquer Salmaan