Entertainment
ഋഷ്യശൃംഗന്റെ വേഷത്തിലേക്ക് നടന്മാരെ തേടുന്നു എന്ന പരസ്യം കണ്ട് ഞാനും ഒരു ഫോട്ടോ അയച്ചിരുന്നു, പക്ഷേ.... മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 04:30 pm
Thursday, 23rd January 2025, 10:00 pm

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഭരതന്‍ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമായ വൈശാലി എന്ന സിനിമയില്‍ അവസരം ചോദിച്ച് ഫോട്ടോ അയച്ചിട്ടുണ്ടെന്ന് പറയുകയാണ് മനോജ് കെ. ജയന്‍. എം.ടിയുടെ സ്‌ക്രിപ്റ്റില്‍ ഭരതന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്ന് അറിഞ്ഞെന്നും അതിലെ ഋഷ്യശൃംഗന്‍ എന്ന കഥാപാത്രത്തിലേക്ക് നടന്മാരെ തേടുന്നു എന്ന വാര്‍ത്ത ഒരു മാസികയില്‍ കണ്ടെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

ആ സമയത്ത് അഭിനയത്തോട് അത്ര താത്പര്യമില്ലായിരുന്നെന്നും എന്നാല്‍ തന്റെ സുഹൃത്തുക്കളിലൊരാള്‍ തന്നെ നിര്‍ബന്ധിച്ചെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്ന് അയാള്‍ പറഞ്ഞെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. അത്രക്ക് കോണ്‍ഫിഡന്‍സുണ്ടെങ്കില്‍ എടുത്ത് അയക്കാന്‍ താന്‍ പറഞ്ഞെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

ഒടുവില്‍ അയാള്‍ തന്റെ കുറച്ച് ഫോട്ടോസ് എടുത്ത് ഭരതന്റെ അഡ്രസിലേക്ക് അയച്ചെന്നും എന്നാല്‍ പതിനായിരക്കണക്കിന് കത്തുകള്‍ ആദ്യമേ അവിടെ വന്ന് കാണുമെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ഋഷ്യശൃംഗന്റെ കഥാപാത്രം പോയിട്ട് മഴയായിട്ട് പോലും ആ സിനിമയിലേക്ക് തന്നെ വിളിച്ചില്ലെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ. ജയന്‍ ഇക്കാര്യം പറഞ്ഞത്.

‘വൈശാലി എന്ന സിനിമയിലേക്ക് ഋഷ്യശൃംഗന്‍ എന്ന കഥാപാത്രമാകാന്‍ പറ്റിയ ആളുകളെ തേടുന്നു എന്നായിരുന്നു പരസ്യം. ഇത്ര വയസ് പ്രായം, ഇത്ര ഹൈറ്റ് എന്നൊക്കെ ആ പരസ്യത്തില്‍ ഉണ്ടായിരുന്നു. ഫോട്ടോ സഹിതം ഇന്ന അഡ്രസില്‍ അയക്കുക എന്ന് പറഞ്ഞ് ഭരതന്‍ സാറിന്റെ അഡ്രസും ആ പരസ്യത്തില്‍ കൊടുത്തിരുന്നു. എന്റെ ഒരു കൂട്ടുകാരനാണ് ആ പരസ്യം ആദ്യം കണ്ടത്.

അത് കണ്ടിട്ട് അവന്‍ എന്നോട് ‘നീ ഒന്ന് അയച്ച് നോക്കുന്നോ, നിനക്കാകുമ്പോള്‍ ചിലപ്പോള്‍ കിട്ടാന്‍ ചാന്‍സ് ഉണ്ട്’ എന്ന് ചോദിച്ചു. നിനക്ക് അത്രക്ക് കോണ്‍ഫിഡന്‍സുണ്ടെങ്കില്‍ നീ എടുത്ത് അയച്ചോ എന്ന് പറഞ്ഞു. അങ്ങനെ നാലഞ്ച് പോസില്‍ ഫോട്ടോ എടുത്ത് ഭരതന്‍ സാറിന്റെ അഡ്രസിലേക്ക് അയച്ചു.

അവിടെ പതിനായിരക്കണക്കിന് കത്തുകള്‍ വേറെ വന്ന് കിടപ്പുണ്ട്. അതിനിടയില്‍ എന്റെ ഫോട്ടോ എങ്ങനെ കാണാനാണ്. ഋഷ്യശൃംഗന്‍ വേഷം പോയിട്ട് മഴയായിട്ട് പോലും എന്നെ ആ പടത്തിലേക്ക് വിളിച്ചില്ല. അത് അങ്ങനെയങ്ങ് പോയി,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan says he sent photographs for the audition of Vaishali movie