അന്ന് ദുല്‍ഖര്‍ എഴുതിയത് കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി, മമ്മൂക്ക പോലും എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോയെന്ന് ചോദിച്ചു, മറുപടി ഇതായിരുന്നു: മനോജ് കെ. ജയന്‍
മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പം ഒരു കാലഘട്ടത്തില്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന മനോജ് കെ. ജയന്‍ ഇന്ന് ദുല്‍ഖറിനും പ്രണവിനുമൊക്കെയൊപ്പം തന്റെ അഭിനയ ജീവിതം തുടരുകയാണ്. രണ്ട് കാലഘട്ടത്തില്‍ രണ്ട് തലമുറയ്‌ക്കൊപ്പമുള്ള ആ യാത്ര മനോജ് കെ. ജയന്‍ എന്ന നടനെ സംബന്ധിച്ച് അവിസ്മരണീയമാണ്.
തന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനായാണ് മനോജ് കെ. ജയന്‍ എത്തുന്നത്. ദുല്‍ഖറുമായും മമ്മൂട്ടിയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും തന്നെകുറിച്ച് ദുല്‍ഖര്‍ എഴുതിയ നല്ല വാക്കുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മനോജ് കെ. ജയന്‍.
‘ദുല്‍ഖറിനെ കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. മമ്മൂക്കയുടെ മകന്‍ എന്നതിനേക്കാള്‍ ഉപരി സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുത്ത ആളാണ് ദുല്‍ഖര്‍. ആളുകളോടുള്ള പെരുമാറ്റം മുതിര്‍ന്നവരോട് കാണിക്കുന്ന ബഹുമാനമൊക്കെ കണ്ടുപഠിക്കേണ്ടതാണ്. ഒരു കുറ്റവും പറയാന്‍ പറ്റാത്ത പേഴ്‌സണാലിറ്റിയാണ്.
ചാലുവെന്നാണ് അവനെ ഞങ്ങളൊക്കെ വിളിക്കാറ്. മമ്മൂക്കയുടെ കൂടെ വല്ല്യേട്ടന്‍ സിനിമ ചെയ്യുമ്പോള്‍ അതിന്റെ ഒരു ഷെഡ്യൂള്‍ മദ്രാസില്‍ ഉണ്ടായിരുന്നു. വല്യേട്ടനില്‍ ഞാന്‍ മമ്മൂക്കയുടെ അനിയനായിട്ടാണ് അഭിനയിക്കുന്നത്. അന്ന് മമ്മൂക്കയുടെ വീട്ടില്‍ പോയപ്പോള്‍ ദുല്‍ഖറിനെ അന്വേഷിച്ചിരുന്നു. അവന്‍ സ്‌കൂളില്‍ പോയിരിക്കുകയാണെന്ന് മമ്മൂക്ക പറഞ്ഞു.
ആ കാലം മുതലേ എനിക്ക് ദുല്‍ഖറിനെ അറിയാം. പിന്നീട് ദുല്‍ഖര്‍ ദുബായിലൊക്കെ കുറച്ചുനാള്‍ വര്‍ക്ക് ചെയ്തു. ആ സമയത്തും ഞാന്‍ ദുല്‍ഖറിനെ കണ്ടിരുന്നു. അവിടെ ഞങ്ങള്‍ ശിവാജി സിനിമയൊക്കെ ഒരുമിച്ച് കണ്ടിരുന്നു. തിയേറ്ററില്‍ എന്റെ ഫ്രണ്ടിലിരുന്ന ദുല്‍ഖര്‍ രജനീകാന്തിനെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ ആര്‍ത്തുവിളിച്ചു. എടാ മമ്മൂക്കയുടെ മകനാണോ ഈ കാണിക്കുന്നതെന്ന് അപ്പോള്‍ തോന്നി.
എന്റെ കഴിഞ്ഞ പിറന്നാളിന് ദുല്‍ഖര്‍ എന്നെ കുറിച്ച് എഴുതിയ വാക്കുകള്‍ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി. ഇത് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക എന്നെ കുറിച്ച് ആരും ഇങ്ങനെ തുറന്ന് പറയാറില്ല. ചാലു എഴുതിയത് കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞുപോയി. മമ്മൂക്ക പോലും എന്നെ കുറിച്ച് ഇത്ര നാളായിട്ടും ഒന്നും പറഞ്ഞിട്ടില്ലല്ലോയെന്ന് ചോദിച്ചു. ആ അവന്‍ പറഞ്ഞല്ലോ അത് മതി (ചിരി) യെന്നായിരുന്നു മമ്മൂക്കയുടെ മറുപടി. എന്നെ കുറിച്ചുള്ള അവന്റെ നല്ല വാചകങ്ങള്‍ കണ്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ ഇമോഷനാലിപ്പോയി. ഒരാളെ കുറിച്ച് നല്ലത് പറയാന്‍ വലിയ മനസ് വേണം.
എന്നെ കുറിച്ച് അവന്‍ ഒരുപാട് എഴുതി. ചുറ്റുമിരിക്കുന്ന ആളുകളെ മുഴുവന്‍ പോസിറ്റീവാക്കി അവിടെ ഒരു പ്രകാശം പരത്തുന്ന പേഴ്‌സണാലിറ്റിയാണ് മനോജേട്ടനെന്നും ഭയങ്കര ലവിങ് ആണെന്നും ഒക്കെ അവന്‍ എഴുതി. അതൊക്കെ ജീവിതത്തില്‍ കിട്ടുന്ന ഒരു പുരസ്‌കാരമാണ്.
എന്നാല്‍ മമ്മൂക്ക അങ്ങനെ പ്രകടിപ്പിക്കുന്ന ആളല്ല. പക്ഷേ നമുക്കാരു വിഷയം വന്നാല്‍ നമുക്കൊപ്പം കണ്ണുനിറയുകയും നമ്മള്‍ ഒരു ചെറിയ തമാശ പറഞ്ഞാല്‍ പോലും ഉറക്കെ ചിരിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. മമ്മൂക്കയുടെ ഉള്ളില്‍ വേറൊരു മമ്മൂക്ക ഇല്ല. ഉള്ളില്‍ തോന്നുന്നത് ചിലപ്പോള്‍ അതേപോലെ അദ്ദേഹം പറയും. അത് പക്ഷേ ചിലര്‍ക്ക് ഇറിറ്റേഷനാവും. എന്നാല്‍ അദ്ദേഹം പറയുന്നത് സത്യമായിരിക്കും. കുറച്ചുകഴിയുമ്പോള്‍ നമ്മളും അത് തിരിച്ചറിയും,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan About Dulquer salmaan and Mammootty