തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും. സിനിമയ്ക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
ചിത്രത്തിലെ ഓരോ രംഗങ്ങളും ആസ്വദിച്ച് ചെയ്തതാണെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട രംഗത്തെ കുറിച്ച് പറയുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കുവൈത്ത് വിജയനായി എത്തിയ മനോജ് യു.കെ.
സിനിമയില്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സീനുകളാണുള്ളതെന്ന് മനോജ് പറയുന്നു. ഒന്ന്, പലിശക്കാരനെ കാണുമ്പോള്‍ വീട്ടിലേക്ക് ഓടിക്കയറുന്നതും കൊപ്ര ഉണക്കാനെടുത്തിടുന്നതുമാണ്. മറ്റൊന്ന് ക്ലൈമാക്‌സില്‍ വയലന്റാവുന്ന, ഏകാധിപതിയായ രാജാവാണെന്ന തോന്നലിലുള്ള ആ കാട്ടിക്കൂട്ടലുകളുമാണ്. രണ്ട് സീനിനും ഒരുപാട് പ്രശംസ കിട്ടിയിട്ടുണ്ട്.
എനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത വലിയ നടന്മാരുടെ അഭിനയരീതിയുമായൊക്കെ താരതമ്യപ്പെടുത്തിയാണ് ആദ്യത്തെ സീനിനെ കുറിച്ച് ചിലര്‍ പറഞ്ഞത്. ക്ലൈമാക്‌സ് സീന്‍ ഒറ്റ ടേക്ക് ആയിരുന്നു. നമ്മുടെ നാട്ടിലെ വൈരജാതന്‍ തെയ്യത്തിന്റെ ശൗര്യമായിരുന്നു അന്ന് അത് ചെയ്യുമ്പോള്‍ എന്റെ ഉള്ളിലുണ്ടായിരുന്നത്, മനോജ് പറയുന്നു.
സിനിമയുടെ അവസാനഘട്ടത്തിലുള്ള പൈസ കാണാതാവുന്ന രംഗം ഷൂട്ട് തുടങ്ങി മൂന്നാം ദിവസം എടുത്തതാണ്. അന്ന് എനിക്ക് സിനിമയുടെ ഒരു കഥയും അറിയില്ല. ഇതാണ് സീനെന്ന് ബ്രീഫ് ചെയ്തു തന്നു. ഞാന്‍ അലമാരയില്‍ പൈസ തപ്പുകയാണ്.
ബാക്കി സിനിമയില്‍ നിങ്ങള്‍ കാണുന്നത് മോന്‍ പൈസ എടുത്തിട്ടുണ്ടാവുമോ എന്ന് ആലോചിക്കുന്ന കുവൈത്ത് വിജയനെയാണ്. പക്ഷെ അന്ന് ശരിക്കും ചെയ്യാന്‍ പറഞ്ഞ രംഗം കഴിഞ്ഞിട്ടും ഇവരെന്താ കട്ട് പറയാതിരിക്കുന്നതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍.
കുറച്ച് നേരം ആലോചിച്ച് നിന്നതിനു ശേഷം ഞാന്‍ മുന്നോട്ടുനടന്നു. അതോടെ കട്ട് പറഞ്ഞു. പിന്നെ ഒരു കയ്യടിയാണ് ഞാന്‍ കേള്‍ക്കുന്നത്. സംവിധായകന്‍ ഓടിവന്ന് പറഞ്ഞു ‘ഫന്റാസ്റ്റിക്, അമേസിങ്.. ഒരുപക്ഷെ എന്റെ എല്ലാ സിനിമയിലും നിങ്ങള്‍ ഉണ്ടായേക്കാം.’ സന്തോഷം കൊണ്ട് അന്ന് ശരിക്കും ഉറങ്ങാന്‍ പോലും പറ്റിയില്ല, മനോജ് പറയുന്നു.