വനഭൂമി നശിപ്പിച്ചതിന് പരീക്കറുടെ മകന് ഹൈക്കോടതിയുടെ നോട്ടീസ്
national news
വനഭൂമി നശിപ്പിച്ചതിന് പരീക്കറുടെ മകന് ഹൈക്കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 10:00 pm

പനാജി: ഗോവയില്‍ വനഭൂമി നശിപ്പിച്ചതിന് മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് അഭിജാത് പരീക്കറിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. കോടതിയുടെ പനാജി ബെഞ്ചാണ് ഇക്കോ റിസോര്‍ട്ട് നിര്‍മ്മാണത്തിനായി പരിസ്ഥിതി നശിപ്പിച്ച മന്ത്രിയുടെ മകന് നോട്ടീസയച്ചത്.

നോട്ടീസില്‍ മാര്‍ച്ച് 11കം മറുപടി നല്‍കാനാണ് ജസ്റ്റിസ് മഹേഷ് സോനക്, പ്രിഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. അഭിജാതിന് പുറമെ ചീഫ് സെക്രട്ടറി, വനം പരിസ്ഥിതി സെക്രട്ടറി, പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവര്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ദക്ഷിണ ഗോവയിലെ നേത്രാവലി വൈല്‍ഡ് ലൈഫ് സാങ്ച്വറിയ്ക്ക് സമീപം അനധികൃതമായി തുടരുന്ന റിസോര്‍ട്ടിന്റെ നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നേത്രാവലി പഞ്ചായത്ത് ഡെപ്യൂട്ടി സര്‍പഞ്ചായ അഭിജിത് ദേശായി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

റിസോര്‍ട്ടിനായി കുറേയധികം വനം നശിപ്പിച്ചുവെന്നും റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിനായി പുതിയ നിയമങ്ങളുണ്ടാക്കിയെന്നും ബി.ജെ.പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.