ആ പാട്ട് കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു വിങ്ങലാണ്; പണ്ടത്തെ എന്തെങ്കിലും ഓര്‍മകള്‍ കൊണ്ടാകാം: മഞ്ജു വാര്യര്‍
Entertainment
ആ പാട്ട് കേള്‍ക്കുമ്പോള്‍ ഉള്ളിലൊരു വിങ്ങലാണ്; പണ്ടത്തെ എന്തെങ്കിലും ഓര്‍മകള്‍ കൊണ്ടാകാം: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th July 2024, 12:34 pm

തനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ നടിയാണ് ശ്രീവിദ്യയെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. അവര്‍ക്കൊപ്പം താന്‍ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും മഞ്ജു പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഫൂട്ടേജിന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. തനിക്ക് ഓര്‍ക്കാന്‍ ഏറ്റവും ഇഷ്ടമുള്ള ശ്രീവിദ്യയുടെ പാട്ടിനെ കുറിച്ചും താരം പറയുന്നു.

1983ല്‍ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലെ ‘ഗോപികേ നിന്‍ വിരല്‍’ എന്ന പാട്ടിനെ കുറിച്ചാണ് മഞ്ജു അഭിമുഖത്തില്‍ സംസാരിച്ചത്. ഭരതന്റെ സംവിധാനത്തില്‍ ഭരത് ഗോപി, മോഹന്‍ലാല്‍, ശ്രീവിദ്യ, രേവതി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു കാറ്റത്തെ കിളിക്കൂട്. ‘ഗോപികേ നിന്‍ വിരല്‍’ എന്ന പാട്ട് കേള്‍ക്കുമ്പോഴും കാണുമ്പോഴും ഉള്ളില്‍ എവിടെ നിന്നോ ഒരു വിങ്ങല്‍ വരുമെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്.

‘വിദ്യാമ്മയുടെ കൂടെ ഞാന്‍ കുറച്ച് സിനിമകളില്‍ അല്ലെങ്കില്‍ സീനുകളില്‍ മാത്രമാണ് വര്‍ക്ക് ചെയ്തിട്ടുള്ളത്. എനിക്ക് വിദ്യാമ്മയുടേതായി എനിക്ക് ഏറ്റവും ഓര്‍ക്കാന്‍ ഇഷ്ടമുള്ള ഒന്നാണ് ഗോപികേ നിന്‍ വിരല്‍ എന്ന പാട്ട്. ഇപ്പോഴും ആ പാട്ട് കേള്‍ക്കുമ്പോഴും കാണുമ്പോഴും ഉള്ളില്‍ എവിടെ നിന്നോ ഒരു വിങ്ങല്‍ വരും. അത് എന്തുകൊണ്ടാണെന്ന് എനിക്ക് കൃത്യമായി അറിയില്ല. ചിലപ്പോള്‍ കുട്ടിക്കാലവുമായി കണക്ടായ എന്തെങ്കിലും ഓര്‍മകള്‍ ഉള്ളത് കൊണ്ടാകും.

എനിക്ക് തോന്നുന്നത്, പണ്ട് എന്റെ അമ്മ എനിക്ക് മുടി കെട്ടി തരുന്നതും പൊട്ടുതൊട്ട് തരുന്നതുമൊക്കെ അങ്ങനെ ആയിരുന്നത് കൊണ്ടാകാം എന്നാണ്. എന്തോയൊരു കണക്ഷനോ വിങ്ങലോ അത് കേള്‍ക്കുമ്പോള്‍ ഉണ്ടാകും. ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ കണ്ട വിദ്യാമ്മയുടെ ചിരിയും പെരുമാറ്റവും സൗന്ദര്യവുമൊക്കെ ഇന്നും ഓര്‍മയുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഒരു നടിയാണ് അവര്‍,’ മഞ്ജു വാര്യര്‍ പറഞ്ഞു.


Content Highlight: Manju Warrier Talks About Srividya