മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രമായിരുന്നു അസുരന്‍. വെട്രിമാരന്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മഞ്ജുവിനൊപ്പം ധനുഷായിരുന്നു അഭിനയിച്ചത്. പിന്നീട് അജിത്ത് നായകനായി 2023ല്‍ ഇറങ്ങിയ തുനിവിലും രജിനികാന്ത് ചിത്രമായ വേട്ടയ്യനിലും മഞ്ജു അഭിനയിച്ചിരുന്നു.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ 2 ആണ് മഞ്ജു നായികയായി എത്തുന്ന അടുത്ത തമിഴ് ചിത്രം. ഈ സിനിമയില്‍ വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്. ഈ സിനിമകളിലൊക്കെ വളരെ ശക്തമായ കഥാപാത്രങ്ങളാണ് നടി ചെയ്തത്.
ഇപ്പോള്‍ തനിക്ക് അത്തരം ശക്തമായ കഥാപാത്രങ്ങളും സിനിമകളുമാണ് വരുന്നതെന്നും സാധാരണമായ കഥാപാത്രങ്ങളിലേക്ക് തന്നെ ആരും വിളിക്കുന്നില്ലെന്നും പറയുകയാണ് മഞ്ജു വാര്യര്‍.
‘ഇപ്പോള്‍ എനിക്ക് അത്തരം കഥാപാത്രങ്ങളും സിനിമകളുമാണ് വരുന്നത്. സാധാരണമായ കഥാപാത്രങ്ങളിലേക്ക് എന്നെ ഇപ്പോള്‍ ആരും വിളിക്കുന്നില്ല എന്നതാണ് സത്യം. പിന്നെ ഒരു കഥയില്‍ നായികയാണെങ്കില്‍ മാത്രമേ അഭിനയിക്കുള്ളൂ എന്ന നിര്‍ബന്ധം എനിക്കില്ല.
ഇപ്പോള്‍ എനിക്ക് പരീക്ഷണമെന്നോളമുള്ള കഥാപാത്രങ്ങളാണ് ചെയ്യാന്‍ താത്പര്യം. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. നല്ല പടങ്ങളില്‍ നല്ല ആളുകളോടൊപ്പം ചേര്‍ന്ന് മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്.
പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്. പടയപ്പയുടെ രണ്ടാം ഭാഗം വന്നാല്‍ നീലാംബരിയായി അഭിനയിക്കുമോയെന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും അഭിനയിക്കുമെന്നാണ് എന്റെ മറുപടി,’ മഞ്ജു വാര്യര്‍ പറഞ്ഞു.
Content Highlight: Manju Warrier Talks About Rajinikanth’s Padayappa Movie