ഞാനൊരു നേര്‍ച്ചക്കോഴിയാണെന്നാണ് ആ സംവിധായകന്‍ അന്ന് പറഞ്ഞത്: മഞ്ജു വാര്യര്‍
Entertainment
ഞാനൊരു നേര്‍ച്ചക്കോഴിയാണെന്നാണ് ആ സംവിധായകന്‍ അന്ന് പറഞ്ഞത്: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th October 2024, 8:10 pm

സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ അഭിനയജീവിതം ആരംഭിച്ച മഞ്ജു വളരെ ചെറിയ കാലത്തിനുള്ളില്‍ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറി. 1999ല്‍ റിലീസായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു 2014ല്‍ റിലീസായ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് മികച്ച സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് പഴയ സ്ഥാനം മഞ്ജു വീണ്ടെടുത്തു. മഞ്ജുവിന്റെ കരിയറില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ തിരക്കഥാകൃത്താണ് ലോഹിതദാസ്.

ആദ്യ ചിത്രമായ സല്ലാപത്തിന്റെ തിരക്കഥ ലോഹിതദാസിന്റേതായിരുന്നു. മഞ്ജുവിന്റെ കരിയറിലെ ശക്തമായ കഥാപാത്രങ്ങളൊന്നായ കന്മദത്തിലെ ഭാനുവിന്റെ സ്രഷ്ടാവും ലോഹിതദാസായിരുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരത്തിലും മഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചു.

ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മഞ്ജു വാര്യര്‍. തന്റെ കരിയറില്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച എഴുത്തകാരനാണ് ലോഹിതദാസെന്നും അദ്ദേഹത്തെ പലപ്പോഴും ഓര്‍ക്കാറുണ്ടെന്നും മഞ്ജു പറഞ്ഞു.

സല്ലാപത്തിന്റെ ഷൂട്ട് നടക്കുന്നതിനിടക്ക് ബ്രേക്കിന്റെ സമയത്ത് ലോഹിതദാസ് തന്നോട് താനൊരു നേര്‍ച്ചക്കോഴിയാണെന്ന് തമാശരൂപത്തില്‍ പറഞ്ഞിരുന്നുവെന്ന് മഞ്ജു കൂട്ടിച്ചേര്‍ത്തു. അന്ന് അതിന്റെ അര്‍ത്ഥം മനസിലായില്ലെന്നും പിന്നീട് അദ്ദേഹം തനിക്ക് വേണ്ടി എഴുതിയ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴാണ് അതിന്റെ അര്‍ത്ഥം മനസിലായതെന്നും മഞ്ജു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുയായിരുന്നു മഞ്ജു വാര്യര്‍.

‘എന്റെ സിനിമാജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ വിരലിലെണ്ണാവുന്ന ആളുകളില്‍ ഒരാളാണ് ലോഹി സാര്‍. ലോഹിതദാസ് സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് സല്ലാപത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റിന്റെ സമയത്തായിരുന്നു. എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ട് അദ്ദേഹം ആ ചിത്രത്തിലേക്ക് എന്നെ തെരഞ്ഞെടുത്തു. അദ്ദേഹം എന്നോട് ഒരു കഥാപാത്രത്തെപ്പറ്റി പറയുമ്പോള്‍ ആ ക്യാരക്ടറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും വളരെ വിശദമായി പറഞ്ഞു തരുമായിരുന്നു.

ഇന്നും പലരും എന്നോട് എടുത്തു പറയുന്ന എന്റെ കഥാപാത്രങ്ങളിലൊന്ന് കന്മദത്തിലെ ഭാനുവാണ്. സല്ലാപത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ബ്രേക്കിനിടയില്‍ അദ്ദേഹം എന്നോട് പറഞ്ഞത് ‘മഞ്ജു ഒരു നേര്‍ച്ചക്കോഴിയാണ്’ എന്നാണ്. അന്ന് അതിന്റെ അര്‍ത്ഥവും വ്യാപ്തിയും എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായത്. എന്റെ സിനിമാജീവിതത്തില്‍ നികത്താനാകാത്ത നഷ്ടമായിരുന്നു ലോഹിസാറിന്റെ വിയോഗം,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier shares the comment by Lohithadas during Sallapam Movie