Entertainment
എന്റെ പാഷനെ ഫോളോ ചെയ്യാന്‍ വളരെയധികം ഇന്‍ഫ്‌ളുവന്‍സ് വ്യക്തിയാണ് അദ്ദേഹം: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 17, 02:08 pm
Tuesday, 17th December 2024, 7:38 pm

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മഞ്ജു വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.

കുട്ടിക്കാലം മുതല്‍ക്കേ ബൈക്ക് റൈഡിങ് ഇഷ്ടമാണെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന കാര്യമാണ് ബൈക്ക് റൈഡിങ്ങെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. എങ്ങനെയെങ്കിലും ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ അതിന്റെ പിന്നാലെ പോകാന്‍ ആ സമയത്ത് കഴിഞ്ഞില്ലായിരുന്നെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

അജിത് കുമാറിനെ പരിചയപ്പെട്ടതിന് ശേഷമാണ് സിനിമ എന്ന പ്രൊഫഷനോടൊപ്പം തന്റെ പാഷനും എങ്ങനെ കൊണ്ടുപോകണമെന്ന് മനസിലായതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. അജിത് കുമാറാണ് ബൈക്ക് റൈഡിങ്ങിന് തന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തതെന്നും അദ്ദേഹവുമായുള്ള സൗഹൃദം തന്റെ പാഷനെ ഫോളോ ചെയ്യാന്‍ സഹായിച്ചിരുന്നെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

ബൈക്ക് റൈഡിങ്ങിനോട് അജിത്തിന് ഉള്ളത്ര പാഷന്‍ തനിക്ക് ഇല്ലെന്നും എന്നിരുന്നാലും തനിക്ക് ഒരുപാട് ആരാധനയുള്ള നടനാണ് അജിത്തെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ബൈക്ക് എന്നത് നമ്മള്‍ എപ്പോഴും കറക്ടായി ഹാന്‍ഡില്‍ ചെയ്യേണ്ട ഒന്നാണെന്നാണ് അദ്ദേഹം ആദ്യം തനിക്ക് തന്ന ഉപദേശമെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു. വിടുതലൈ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

‘അജിത് സാറിന്റെ പാഷന്‍ ബൈക്ക് റൈഡിങ്ങാണെന്ന് എല്ലാവര്‍ക്കും അറിയാം. കുട്ടിക്കാലം മുതല്‍ എന്റെയും പാഷന്‍ ബൈക്ക് റൈഡിങ്ങായിരുന്നു. എന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന കാര്യമായിരുന്നു ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന്. എന്നാല്‍ അതിന് വേണ്ടി ഒന്നും പരിശ്രമിച്ചിരുന്നില്ല. എന്നാല്‍ അജിത് സാറിനെ പരിചയപ്പെട്ടതിന് ശേഷമാണ് പ്രൊഫഷന്റെ കൂടെ എങ്ങനെ നമ്മുടെ പാഷനെയും കൊണ്ടുപോകാമെന്ന് മനസിലായത്.

അദ്ദേഹത്തിന്റെ അത്ര പാഷന്‍ എനിക്ക് ഒരിക്കലും ഇല്ല. പക്ഷേ, ബൈക്ക് റൈഡിങ്ങിലേക്ക് ഇറങ്ങാന്‍ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നമ്മുടെ പാഷനും പ്രൊഫഷനും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത് സാര്‍. ‘ബൈക്ക് എന്നത് നമ്മള്‍ എപ്പോഴും വളരെ ശ്രദ്ധയോടെ ഹാന്‍ഡില്‍ ചെയ്യേണ്ട ഒന്നാണ്’ എന്നായിരുന്നു അദ്ദേഹം എനിക്ക് ആദ്യ തന്ന ഉപദേശം,’ മഞ്ജു വാര്യര്‍ പറയുന്നു.

Content Highlight: Manju Warrier says Ajith Kumar influenced her for Bike riding