മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന “ആമി” എന്ന ചിത്രത്തില്‍ നായികയാവുന്ന നടി മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം. ലൗ ജിഹാദ് പ്രചരിപ്പിക്കുന്ന കമാലുദ്ദീന്റെ ചിത്രം ഏറ്റെടുക്കരുതെന്നും ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നൊക്കെയാണ് സംഘികള്‍ മഞ്ജുവിനോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്.
മഞ്ജു പ്രധാന കഥാപാത്രമായെത്തുന്ന “കെയര്‍ ഓഫ് സൈറ ബാനു” എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം മഞ്ജു ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിരുന്നു. ഈ ചിത്രത്തിനു താഴെയാണ് മഞ്ജുവിന് “നേര്‍വഴി” ഉപദേശിച്ചുകൊണ്ടുള്ള സംഘികളുടെ കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്.
Must Read: ശിവസേന മുഖപത്രം ‘സാമ്‌ന’യെ നിരോധിക്കണമെന്ന് ബി.ജെ.പി
വിദ്യാബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ചിത്രം ഉപേക്ഷിച്ചതാണെന്നും അതുകൊണ്ടുതന്നെ മഞ്ജു ഈ ചിത്രം ഏറ്റെടുത്താല്‍ തങ്ങളെപ്പോലുള്ളവരുടെ വിദ്വേഷം ഏറ്റുവാങ്ങേണ്ടിവരുമെന്നുമാണ് സംഘികളുടെ മുന്നറിയിപ്പ്.
“വിദ്യാബാലന്‍ ഉള്‍പ്പെടെയുള്ള നടികള്‍ ആമി ഉപേക്ഷിച്ചെങ്കില്‍ അതില്‍ എന്തെങ്കിലും ഒരു കാര്യം കാണും. കമല് എന്ന സംവിധായകന്റെ ഇപ്പോഴത്തെ നിലപാടുവെച്ചു നോക്കുമ്പോള്‍ ആമി ഉറപ്പായും വിവാദം ആകും. അങ്ങനെയുണ്ടായാല്‍ ഞാനുള്‍പ്പെടെ ഉള്ള മഞ്ജു ചേച്ചിയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ വലിയൊരു വേദനയാകും. മാധവിക്കുട്ടി എന്ന വലിയൊരു കലാകാരിയുടെ ആത്മാവിനെ അറിഞ്ഞുകൊണ്ട് വേദനിപ്പിക്കണോന്ന് ചേച്ചി തന്നെ ആലോചിക്ക്.” എന്നാണ് ഒരാളുടെ ഉപദേശം.
“പടിക്കല്‍ കലമുടച്ചു എന്ന് പറഞ്ഞത് പോലായല്ലോ മഞ്ജു വാര്യര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഒരു സംവിധായകന്റെ കൂടെ അഭിനയിക്കാന്‍ തീരുമാനിച്ചത് ഏതായാലും ശരിയായില്ല. നിങ്ങളുടെ ആരാധകരില്‍ പലരെയും ഇത് വിഷമിപ്പിക്കുന്നുണ്ട്.” എന്നാണ് മറ്റൊരു കമന്റ്.
“ജീവിതത്തിന്റെ അവസാന കാലത്ത് തന്റെ സ്വത്വം കളഞ്ഞു കുളിച്ചവളായിരുന്നു നമ്മുടെ ആമി. അതില്‍ അവര്‍ പശ്ചാത്തപിക്കുകയും ചെയ്തിരുന്നു. അവരുടെ കഥാപാത്രം ഏറ്റെടുക്കും മുമ്പ് ഒന്നുകൂടി ആലോചിക്കുക” രാഷ്ട്രീയ ഉപകരണമാക്കാന്‍ അനുവദിക്കരുതെന്ന ഉപദേശത്തോടെ മറ്റൊരാള്‍ കുറിക്കുന്നു.
കമലിനെതിരായ സംഘപരിവാര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ അണിനിരന്നതിന് കിട്ടിയ കൂലിയാണ് “ആമി”യിലെ റോള്‍ എന്നാണ് മറ്റു ചില സംഘികളുടെ കണ്ടെത്തല്‍.
“ബി.ജെ.പിക്കെതിരെ സത്യപ്രതിജ്ഞ നടത്തിയതിന്റെ മതേതര ഉപഹാരം കിട്ടി മഞ്ജുവിന് അല്ലേ?…കമാലുദ്ദീനെ പ്രകീര്‍ത്തിച്ചപ്പോള്‍ തന്നെ “ഇതിനെ ആമി” ആയിട്ട് കണ്ടിരുന്നു. ഇപ്പോള്‍ സത്യം ആയി. എം.ടി വാസുവിനെ ഭര്‍ത്താവായും എച്ചിതാനന്ദനെ കാമുകനായും മുകുന്ദനെ മതംമാറ്റുന്ന ശ്രമദാനി ആയും സെലക്ട് ചെയ്താല്‍ മതി” ഒരാള്‍ പറയുന്നു.
“രാജ്യത്തോടു കൂറുള്ള ജനങ്ങളോടുള്ള വെല്ലുവിളിയായി പോയി ഈ ചിത്രം” എന്നാണ് മറ്റൊരു സംഘിയുടെ വിലയിരുത്തല്‍.
അതേസമയം ആമിയില്‍ നായികയാവുന്നതിനെ ശക്തമായി പിന്തുണച്ചുകൊണ്ടും ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആമി മഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമെന്നും ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇവര്‍ പറയുന്നു.