മഹാലക്ഷ്മിയായി മഞ്ജു, ഇത് മാസല്ല, ക്ലാസാണ്
Entertainment
മഹാലക്ഷ്മിയായി മഞ്ജു, ഇത് മാസല്ല, ക്ലാസാണ്
അമര്‍നാഥ് എം.
Saturday, 21st December 2024, 4:36 pm

വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ 2 കണ്ട് കഴിഞ്ഞാലും അതിലെ പല കഥാപാത്രങ്ങളും മനസില്‍ തങ്ങി നില്‍ക്കും. അവരുടെ പെര്‍ഫോമന്‍സും ഡയലോഗും അത്രമാത്രം ഗംഭീരമായിരുന്നു. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറും ആ ലിസ്റ്റില്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ അഭിമാനിക്കാം. വിജയ് സേതുപതി അവതരിപ്പിച്ച വാധ്യാരുടെ നായികയായിട്ടാണ് മഞ്ജു വിടുതലൈ 2വില്‍ വേഷമിട്ടത്.

ചെറിയൊരു ഗസ്റ്റ് റോളായി സംവിധായകന്‍ വിചാരിച്ച കഥാപാത്രം സിനിമയുടെ നെടുംതൂണുകളില്‍ ഒന്നായി മാറുന്ന കാഴ്ചക്കാണ് വിടുതലൈ 2 സാക്ഷ്യം വഹിച്ചത്. മഞ്ജു വാര്യര്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തവും ശക്തവുമായ കഥാപാത്രമാണ് മഹാലക്ഷ്മി. ബോയ് കട്ട് ചെയ്ത ഗെറ്റപ്പിലാണ് മഞ്ജു വിടുതലൈ 2വില്‍ പ്രത്യക്ഷപ്പെട്ടത്. ഗെറ്റപ്പില്‍ മാത്രമല്ല, പെര്‍ഫോമന്‍സും ആ വ്യത്യസ്തത കാണാന്‍ സാധിച്ചിട്ടുണ്ട്.

സമ്പന്ന കുടുംബത്തില്‍ ജനിച്ച, താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്ന കഥാപാത്രമാണ് മഹാലക്ഷ്മി. അക്കാലത്തെ സോ കോള്‍ഡ് കുടുംബ- സാമൂഹിക വ്യവസ്ഥകളോട് കലഹിക്കുന്ന ഒരുവളാണ് മഹാലക്ഷ്മി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയുന്ന ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ മടിയില്ലാത്ത മഹാലക്ഷ്മി അടുത്തിടെ തമിഴ് സിനിമയില്‍ കണ്ട മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

നിരന്തരം മര്‍ദിക്കുന്ന ഭര്‍ത്താവിനെ തിരിച്ചുതല്ലിയപ്പോള്‍ അയാള്‍ തന്റെ മുടിക്കുത്തിന് പിടിച്ച് അടക്കിനിര്‍ത്തിയതിനാല്‍ ആ മുടി മുറിച്ച് കളഞ്ഞ് അയാളെ ഉപേക്ഷിച്ച കഥ മഞ്ജു വാര്യര്‍ പറയുമ്പോള്‍ അവരിലെ പെര്‍ഫോമറെ കാണാന്‍ സാധിച്ചു. ‘എന്റെ മുടിയെ അയാള്‍ ബലഹീനമായി കാണുമ്പോള്‍ അത് വെച്ച് അയാള്‍ക്ക് കീഴടങ്ങാന്‍ താത്പര്യമില്ലെന്ന് മഹാലക്ഷ്മി പറയുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയടികളായിരുന്നു.

ആദര്‍ശങ്ങളെ കൃത്യമായി പിന്തുടരുന്ന, ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ള മഹാലക്ഷ്മി എന്ന നേതാവില്‍ നിന്ന് വാധ്യാരുടെ കാമുകിയായും പങ്കാളിയായും മാറിയത് മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കഴിവ് വിളിച്ചോതുന്നതാണ്. വിജയ് സേതുപതിയോടൊത്തുള്ള സീനില്‍ അപാര പെര്‍ഫോമന്‍സാണ് മഞ്ജു കാഴ്ചവെച്ചത്. വാധ്യാര്‍ എന്ന സായുധസേനാ നേതാവിന്റെ പങ്കാളിയായി അഭിമാനം കൊള്ളുമ്പോഴും ഉള്ളിലെ ഭയം അടക്കിനിര്‍ത്തുന്നത് ഓരോ ചലനങ്ങളിലും കാണാന്‍ സാധിച്ചു.

ക്ലൈമാക്‌സില്‍ വിജയ് സേതുപതിയുമായുള്ള സീനിലെ പെര്‍ഫോമന്‍സിനെക്കുറിച്ചും എടുത്തു പറയേണ്ടതാണ്. അധികം ഡയലോഗുകളില്ലാത്ത സീനില്‍ മഞ്ജു വാര്യറുടെ റിയാക്ഷനുകള്‍ ഉള്ളുലക്കുന്നതായിരുന്നു. വെട്രിമാരന്റെ അസുരനില്‍ പച്ചൈയമ്മാള്‍ എന്ന ഫയര്‍ബ്രാന്‍ഡ് കഥാപാത്രമായി ഞെട്ടിച്ച മഞ്ജു വാര്യര്‍ വിടുതലൈ 2വില്‍ പക്കാ ക്ലാസ് ആയിട്ടുള്ള മഹാലക്ഷ്മിയായി ഞെട്ടിച്ചു. ഇനിയും മഞ്ജു വാര്യറെത്തേടി ഇത്തരം വേഷങ്ങള്‍ എത്തുക തന്നെ ചെയ്യും.

Content Highlight: Manju Warrier’s performance in Viduthalai Part 2

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം