സുഹൃത്ത് സിമി സാബുവിനൊപ്പം നടത്തുന്ന യൂട്യൂബ് ചാനലായ ബ്ലാക്കീസിനെ പറ്റി സംസാരിക്കുകയാണ് മഞ്ജു പത്രോസ്. സിംപതിക്ക് വേണ്ടിയല്ല ചാനലിന് ബ്ലാക്കീസ് എന്ന് പേരിട്ടതെന്നും കറുത്ത രണ്ട് സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സന്തോഷിച്ച് നടക്കുന്നത് കാണിക്കാന്‍ വേണ്ടിയാണെന്നും മഞ്ജു പറഞ്ഞു. കറുത്തിരിക്കുന്നത് ഒരു തെറ്റല്ലെന്നും തന്റെ നിറത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘തെളിഞ്ഞും മറഞ്ഞും തമാശക്കും ഒക്കെ കറുപ്പിനേയും അമിത വണ്ണത്തിനേയും സ്‌കെല്‍റ്റായിരിക്കുന്നതിനേയുമൊക്കെ പലതും പറയുന്നത് കാണാം. അത് തമാശിക്കേണ്ട വിഷയമല്ല. ഞാന്‍ എന്റെ ചെറുപ്പക്കാലത്ത് ഏറ്റവും കൂടുതല്‍ കേട്ടിരിക്കുന്നത് അയ്യോ എന്നാണ്. ഞാന്‍ എവിടെ പോയാലും എന്നെ കണ്ടാല്‍ ആളുകള്‍ അയ്യോ എന്ന് പറയും. എന്റെ നിറത്തെ പറയുന്നതാണ്.
ഇങ്ങനെയുള്ള കാര്യങ്ങളില്‍ പെണ്‍കുട്ടികളാണ് ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. എന്റെ ചില ഫോട്ടോകള്‍ക്ക് താഴെ എഴുതിവെച്ചിരിക്കുന്നത് കാണാം. എങ്ങനെ നിറം വെക്കും ചേച്ചി, അതിനെന്താ ചെയ്യേണ്ടത് എന്നൊക്കെ പറയുന്നത് കാണാം. കറുപ്പ് ഒരു മോശം സംഗതിയല്ല. ബ്ലാക്കീസ് എന്ന് സിംപതിക്ക് വേണ്ടി ഇട്ടതല്ല. കറുപ്പ് നിറം മനോഹരമാണ്. അതില്‍ ഞാന്‍ ആത്മവിശ്വാസമുള്ള ആളാണ് എന്ന് പറയാന്‍ വേണ്ടിയാണ് ഞങ്ങള്‍ അങ്ങനെ ഒരു പേരിട്ടത്. അതിനേയും നെഗറ്റീവായി ചിത്രീകരിക്കുന്ന ആളുകളുണ്ട്.
വെളുപ്പ് ഉദാത്തമാണെന്നും കറുപ്പ് വളരെ താഴെയാണെന്നും പറയുന്നതിനെയാണ് നമ്മള്‍ ചോദ്യം ചെയ്യുന്നത്. ഇതിന്റെ അളവുകോല്‍ എവിടെകൊണ്ടാണ് വെച്ചിരിക്കുന്നത് എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഇത്ര വണ്ണമേ പാടുള്ളൂ, ഇത്ര നിറം വേണം, പല്ല് ഇത്രയും വരെ പൊങ്ങാന്‍ പാടില്ല എന്നതിന്റെയൊക്കെ അളവുകോല്‍ എവിടെയാണ്.
നമ്മുടെ കംഫര്‍ട്ടിനനുസരിച്ച് ജിവിക്കാനല്ലേ നമുക്ക് ഇഷ്ടം. അത് പുറത്ത് പറയാന്‍ വേണ്ടിയിട്ട പേരാണ്. കറുത്ത രണ്ട് സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുള്ള ജീവിതത്തില്‍ സന്തോഷിച്ചു നടക്കുന്നു എന്ന് ആളുകള്‍ കാണാന്‍ വേണ്ടി ഇട്ടതാണ് ബ്ലാക്കീസ് എന്നുള്ള പേര്,’ മഞ്ജു പറഞ്ഞു.
Content Highlight: manju pathrose talks about her you tube channel blackies