മലപ്പുറം: മഞ്ചേരിയില്‍ കഴിഞ്ഞ് ആറ് ദിവസത്തിനിടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് അഞ്ച് പേര്‍ക്ക്. നേരത്തേ രോഗം സ്ഥിരീകരിച്ച ചെരണിയിലെ അസം സ്വദേശി മഞ്ചേരിയില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയായ 50കാരനാണ് ഞായറാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ജൂണ്‍ രണ്ടിന് ചെരണിയില്‍ താമസിക്കുന്ന അസം സ്വദേശിയായ 22കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ അഞ്ചിന് മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സ് അടക്കം മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
മഞ്ചേരി സ്വകാര്യ ലാബിലെ ജീവനക്കാരനായ ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി 30കാരന്‍, മഞ്ചേരിയിലെ ആശ വര്‍ക്കറായ മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശി 48കാരി, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആനക്കയം പാണായി സൗദിപ്പടി സ്വദേശി 27കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ ലാബ് ജീവനക്കാരനും ആശാവര്‍ക്കര്‍ക്കും എവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ആശാവര്‍ക്കര്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതിനും മംഗലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ആശാവര്‍ക്കര്‍മാരുടെ യോഗത്തിലും പങ്കെടുത്തിരുന്നു. ഇത് കൂടുതല്‍ ആശങ്കക്കിടയാക്കുന്നു.
ആനക്കയത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് കുറുവ പാങ്ങ് സ്വദേശി 41കാരനും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാന്‍ നഗരസഭയിലെ 11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയില്‍ നിലവില്‍ 142 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന ഡൂള്‍ന്യൂസിനോട് പറഞ്ഞു. വേണ്ട മുന്‍കരുതലുള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറത്താണ്. 27 പേര്‍ക്കാണ് ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 24 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നുമെത്തിയതുമാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയുടെ കൂടെ ചെമ്മാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി 22 കാരന്‍, കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ അസം സ്വദേശി മഞ്ചേരിയില്‍ ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശി 50 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.
പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കണ്ണൂരും മറ്റുള്ളവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
മഞ്ചേരി നഗരസഭയിലെ 11 വാര്‍ഡുകളും ആനക്കയം പഞ്ചായത്തിലേയും തിരൂരങ്ങാടി നഗരസഭയിലേയും ഓരോ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. മഞ്ചേരി നഗരസഭയിലെ 5, 6, 7, 9, 12, 14, 16, 33, 45, 46, 50 വാര്‍ഡുകളും തിരൂരങ്ങാടി നഗരസഭയിലെ വാര്‍ഡ് 38, ആനക്കയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 21 എന്നിവയാണ് നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍.
‘കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിക്കണം’, കളക്ടര്‍ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് കളക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 163 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും തൃശൂര്‍, ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുന്നു.
ജില്ലയില്‍ ഇതുവരെ 224 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,433 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 692 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക