ശ്രീധരന്‍ സാഹിബ്, ദല്‍ഹി മെട്രോ ഇപ്പോള്‍ തന്നെ നഷ്ടത്തിലാണ്; ഇ. ശ്രീധരന് മറുപടിയുമായി മനീഷ് സിസോദിയ
ന്യൂദല്‍ഹി: സ്ത്രീകള്‍ക്ക് ദല്‍ഹി മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കാനുള്ള അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച ഇ. ശ്രീധരന് മറുപടിയുമായി ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ദല്‍ഹി മെട്രോ ഇപ്പോള്‍ തന്നെ നഷ്ടത്തിലാണെന്നും അതിനെ കരകയറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നുമാണ് സിസോദിയ പറഞ്ഞത്.
‘ഞാന്‍ ശ്രീധരന്‍ സാഹിബിന് കത്തെഴുതിയിട്ടുണ്ട്. ദല്‍ഹി മെട്രോ നഷ്ടത്തിലാണ് ഓടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ദിവസം 40 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് മെട്രോയ്ക്കുള്ളത്. പക്ഷേ നിലവില്‍ വെറും 25 ലക്ഷം യാത്രക്കാരെ മാത്രമാണ് കൊണ്ടുപോകുന്നത്.’ സിസോദിയ മാധ്യമങ്ങളോടു പറഞ്ഞു.
സ്ത്രീകള്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര അനുവദിയ്ക്കുന്നത് മെട്രോയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിയ്ക്കാനുള്ള ഞങ്ങളുടെ നിര്‍ദേശം മെട്രോയ്ക്ക് ഗുണകരമാകും. അതില്‍ കൂടുതല്‍ ആളുകള്‍ കയറുകയും ചാര്‍ജ് കുറയുകയും ചെയ്യും. സ്ത്രീ യാത്രയ്ക്കാരുടെ ചെലവ് ദല്‍ഹി ര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ മെട്രോയ്ക്ക് സന്തോഷമാകും.’ അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനം ദല്‍ഹി മെട്രോയെ കടക്കെണിയിലെത്തിക്കുമെന്നും തീരുമാനം നടപ്പിലാക്കാന്‍ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇ. ശ്രീധരന്‍ കത്ത് അയച്ചിരുന്നു.
ദല്‍ഹി സര്‍ക്കാരിനും കേന്ദ്രത്തിനും തുല്ല്യ പങ്കാളിത്തമുള്ള ഡി.എം.ആര്‍.സിയില്‍ ഒരാള്‍ക്ക് മാത്രം ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും മെട്രോയുടെ ആദ്യത്തെ ഘട്ടം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ത്തന്നെ ഒരു വിധത്തിലുള്ള സൗജന്യ യാത്രയും അനുവദിക്കാന്‍ പാടില്ലെന്ന് നിശ്ചയിച്ചിരുന്നതാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു.
മെട്രോ ഉപയോഗിക്കുന്നതിനായി ജീവനക്കാരും മാനേജിങ് ഡയറക്ടര്‍മാരുമെല്ലാം ടിക്കറ്റ് എടുക്കണമെന്നും ശ്രീധരന്‍ കത്തില്‍ പറഞ്ഞിരുന്നു.
സ്ത്രീകള്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുകയാണെങ്കില്‍ ഈ മാതൃക രാജ്യത്തെ മറ്റു മെട്രോകള്‍ക്കും കീഴ്വഴക്കമാകും. സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെയുള്ള നഷ്ടം ഡി.എം.ആര്‍.സിയ്ക്ക് കൊടുക്കുമെന്ന ദല്‍ഹി സര്‍ക്കാരിന്റെ നിലപാട് മോശം സാന്ത്വനപ്പെടുത്തലാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.
‘മെട്രോമാന്‍’ എന്നറിയപ്പെടുന്ന ഇ.ശ്രീധരന്റെ നേതൃത്വത്തിലാണ് ദല്‍ഹ മെട്രോ സ്ഥാപിതമായത്.
മെട്രോ തീവണ്ടികള്‍, ഡി.ടി.സി. ബസുകള്‍, ദല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ സിസ്റ്റത്തിനുകീഴിലെ ക്ലസ്റ്റര്‍ ബസുകള്‍ എന്നിവയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നത്. സബ്സിഡി ചിലവ് ദല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.