സഞ്ജുവായിരുന്നു എന്റെ സ്ഥാനത്ത് കളിക്കേണ്ടിയിരുന്നത്, കാരണം അവന്‍ മികച്ചൊരു ബാറ്ററുമായിരുന്നു, എന്നാല്‍... തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം
Sports News
സഞ്ജുവായിരുന്നു എന്റെ സ്ഥാനത്ത് കളിക്കേണ്ടിയിരുന്നത്, കാരണം അവന്‍ മികച്ചൊരു ബാറ്ററുമായിരുന്നു, എന്നാല്‍... തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd November 2022, 10:42 pm

ഒരുകാലത്ത് ഇന്ത്യന്‍ ടീമിലെ നിറസാന്നിധ്യമായിരുന്നു മനീഷ് പാണ്ഡേ. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ 29 ഏകദിന മത്സരങ്ങളിലും 39 ടി-20യിലും താരം ഇന്ത്യക്കായി പാഡണിഞ്ഞിട്ടുണ്ടായിരുന്നു.

തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായിരുന്ന മൂന്നാം നമ്പറില്‍ അപൂര്‍വമായിട്ടാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. ക്രീസിലെത്തി ഷോട്ട് കളിക്കാന്‍ തമാസമെടുക്കുന്നതിനാല്‍ ലിമിറ്റഡ് ഫോര്‍മാറ്റില്‍ താരത്തിന് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ പോവുകയും ഒടുവില്‍ ദേശീയ ടീമില്‍ നിന്ന് തന്നെ പുറത്താവുകുമായിരുന്നു.

2020ല്‍ തന്റെ അവസാന അന്താരാഷ്ട്ര ടി-20 മത്സരം കളിച്ച മനീഷ് പാണ്ഡേ 2021ലാണ് ഏകദിനത്തില്‍ ഇന്ത്യക്കായി അവസാനം ബാറ്റ് ചെയ്തത്.

ഇപ്പോഴിതാ, സെലക്ടര്‍മാര്‍ സഞ്ജു സാംസണ് കൂടുതല്‍ അവസരം നല്‍കണമായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മനീഷ് പാണ്ഡേ. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘സഞ്ജു സാംസണ്‍ നന്നായി കളിക്കുന്നുണ്ടായിരുന്നു. അദ്ദേഹം കൂടുതല്‍ മത്സരം ഇന്ത്യക്കായി കളിക്കണമെന്ന് ഞാന്‍ കരുതി. വ്യക്തിപരമായി സഞ്ജു ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങള്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അവനത് ചെയ്തു, അതിനാല്‍ തന്നെ കഠിനമായ വികാരങ്ങളൊന്നും അക്കാര്യത്തിലില്ല.

ഇന്ത്യന്‍ ടീമില്‍ ഞാനും ആ അവസ്ഥയിലൂടെ കടന്നുപോയവനാണ്. സങ്കടകരമെന്ന് പറയട്ടെ ടീമിനൊപ്പം അധികം കളിക്കാന്‍ സാധിക്കില്ല, ഒപ്പം തന്നെ അവര്‍ വളരെ പെട്ടെന്ന് ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നു.

എനിക്കാരെയും കുറ്റം പറയാന്‍ സാധിക്കില്ല. എനിക്ക് ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ടീമിനായി എന്റെ മാക്‌സിമം പുറത്തെടുക്കാന്‍ ഞാന്‍ ശ്രമിക്കും,’ താരം പറഞ്ഞു.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് സഞ്ജു ഇപ്പോഴുള്ളത്. ടി-20 പരമ്പരയിലെ ഒറ്റ മത്സരത്തില്‍ പോലും സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ടി-20യില്‍ നിരന്തര പരാജയമാകുന്ന പന്തിനെയാണ് ടീം എപ്പോഴും പരിഗണിക്കുന്നത്.

അതേസമയം, താന്‍ എന്തുകൊണ്ട് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് പറഞ്ഞുകൊണ്ട് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും രംഗത്തെത്തിയിരുന്നു.

സഞ്ജുവിനെ കളിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അവന്റെ കാര്യത്തില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നുമാണ് ഹര്‍ദിക് പറഞ്ഞത്.

‘ആദ്യം തന്നെ പറയട്ടെ, ഇത് എന്റെ ടീമാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന ടീമിനെയാണ് ഞാനും കോച്ചും തെരഞ്ഞെടുക്കാറുള്ളത്. ഒരുപാട് സമയം ഇനിയുമുണ്ട്. എല്ലാവര്‍ക്കും അവസരം കിട്ടുക തന്നെ ചെയ്യും.

നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളും മുന്നോട്ട് ലഭിക്കും. പക്ഷെ ഇത് ചെറിയ പരമ്പരയായതിനാല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇത് കൂടുതല്‍ മത്സരങ്ങളുള്ള ദൈര്‍ഘ്യമേറിയ പരമ്പരയായിരുന്നെങ്കില്‍ സ്വാഭാവികമായും കൂടുതല്‍ പേരെ ഉള്‍പ്പെടുത്താമായിരുന്നു.

സഞ്ജുവിന്റേത് നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ചില തന്ത്രപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് അവനെ കളിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. സഞ്ജുവടക്കമുള്ള കളിക്കാരുടെ മാനസികാവസ്ഥ മനസിലാക്കുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആര് എന്തൊക്കെ പറഞ്ഞാലും സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

എനിക്കിപ്പോള്‍ ഭംഗിവാക്കുകളായി എന്തും പറയാം. നേരിടുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളൂ. പക്ഷെ ടീമിനകത്ത് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

കളിക്കാര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നോട് നേരിട്ടു വന്ന് സംസാരിക്കാം. അല്ലെങ്കില്‍ കോച്ചുമായി പങ്കുവെക്കാം. ക്യാപ്റ്റനായി ഞാന്‍ തുടര്‍ന്നാല്‍ പ്രശ്‌നമാകില്ലെന്നാണ് കരുതുന്നത്. കാരണം ടീം ഒറ്റക്കെട്ടാണെന്നും എല്ലാവരും ഒരുമിച്ചാണെന്നും ചിന്തിക്കുന്നയാളാണ് ഞാനെന്നാണ് എന്റെ വിശ്വാസം,’ എന്നായിരുന്നു ഹര്‍ദിക്കിന്റെ വിശദീകരണം.

 

Content Highlight: Manish Pandey about Sanju Samson