India
മണിപ്പൂർ; മുഖ്യമന്ത്രി ബീരേൻ സിങ് പുറത്തേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 02, 02:35 am
Tuesday, 2nd July 2024, 8:05 am

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തേക്ക് പോകുമെന്ന് സൂചനകൾ.
ബീരേൻ സിങ്ങിനെതിരെ ബി.ജെ.പിയുടെ ഒരു വിഭാഗവും ഘടക കക്ഷികളും തങ്ങളുടെ നീക്കം സജീവമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബീരേൻ സിങ്ങിനെതിരെ ഭരണകക്ഷിയായ ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച സൂചനകൾ പുറത്ത് വന്നത്.

കഴിഞ്ഞ ആഴ്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം ബി.ജെ.പിയിലെ തന്നെ ഒരു വിഭാഗം എം.എൽ.എമാർ ദൽഹിയിലെത്തി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണാനുള്ള നീക്കം നടത്തിയിരുന്നു.

തിരക്കുകൾ പറഞ്ഞ് എം.എൽ.എമാരെ തിരിച്ചയച്ചെങ്കിലും ഘടക കക്ഷികളായ നാഗ പീപ്പിൾസ് ഫ്രണ്ട്, ജെ.ഡി.യു, എൻ.പി.പി പാർട്ടികളിലെ എം.എൽ.എമാർ തങ്ങളുടെ നിലപാട് അറിയിച്ചാണ് ദൽഹിയിൽ നിന്ന് മടങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന മെയ്‌തേയ് റാലികളിൽ മുഖ്യമന്ത്രിക്കെതിരായ രോഷം പ്രകടമായിരുന്നു. ബിരേൻ സിങ്ങിനെ മാറ്റുന്ന കാര്യത്തിൽ പല മെയ്തി സംഘടനകളും ഒറ്റെക്കെട്ടാണ്.

കഴിഞ്ഞ പാർലെമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് മാറി നിൽക്കാൻ ബിരേൻ സിങ്ങിനാവില്ലെന്ന് ഒരു വിഭാഗം പറഞ്ഞിരുന്നു.

ആറ് മാസം മുമ്പ് ബിരേൻ സിങ് രാജിവയ്ക്കാള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ നൂറ് കണക്കിന് സ്ത്രീകൾ ഉൾപ്പടെയുള്ള അനുയായികൾ അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

എന്നാൽ ഈ സാഹചര്യമല്ല ഇപ്പോൾ ഇവിടെയുള്ളത്. ബിരേൻ സിങ്ങിനെതിരേ കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളും ഇതിനകം രംഗത്തുവന്നു. വൈകാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട നിലയിലാണ് ബിരേൻ സിങ്.

അതേസമയം ഇതെല്ലാം കിംവദന്തികളാണെന്നും ഇത്തരം ഒരു ആലോചനകൾ നടക്കുന്നില്ലെന്നും സിങ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Content Highlight: manipur cm likely to be out