Film News
എന്റേയും വിനായകന്റേയും ജീവിതത്തില്‍ കമ്മട്ടിപ്പാടമുണ്ട്, ഇതൊന്നുമില്ലാത്ത ആളാണ് ദുല്‍ഖര്‍: മണികണ്ഠന്‍ ആചാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 07, 02:30 am
Tuesday, 7th June 2022, 8:00 am

2016ല്‍ രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് കമ്മട്ടിപ്പാടം. ദുല്‍ഖര്‍ സല്‍മാന്‍, മണികണ്ഠന്‍ ആചാരി, വിനായകന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയത്തെ പറ്റി സംസാരിക്കുകയാണ് മണ്കണ്ഠന്‍ ആചാരി. സെറ്റില്‍ വെച്ച് ദുല്‍ഖറില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയെന്നും തന്നേയും വിനായകനെക്കാളും അധ്വാനം അദ്ദേഹം എടുത്തിട്ടുണ്ടാകാമെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠന്‍ ആചാരി പറഞ്ഞു.

‘കമ്മട്ടിപ്പാടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു നടന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം കുറെ ദിവസം കമ്മട്ടിപ്പാടത്തില്‍ അഭിനയിച്ചിരുന്നു. പക്ഷേ ആ രംഗങ്ങളെല്ലാം ഉള്‍പ്പെടുത്താന്‍ പറ്റിയില്ല. നാലര മണിക്കൂര്‍ ആ സിനിമ ചെയ്തിട്ടുണ്ട്. നമുക്കറിയാത്ത ഒരുപാട് ആളുകള്‍ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം കട്ട് ചെയ്യേണ്ടി വന്നു. സിനിമക്ക് വേണ്ടതെന്താണോ അക്കാര്യത്തില്‍ കോമ്പ്രമൈസ് ഇല്ലാതെ ചെയ്യുന്ന ആളാണ് രാജീവ് രവി.

തിലകന്‍ ചേട്ടന്‍, മുരളി ചേട്ടന്‍, ഭരത് ഗോപി സാര്‍, മണി ചേട്ടന്‍ അങ്ങനെയുള്ള ക്യാരക്റ്റര്‍ ആര്‍ട്ടിസ്റ്റുകളോടാണ് ആരാധന തോന്നിയിട്ടുള്ളത്. അവരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഞാന്‍ വന്ന സമയത്ത് നമുക്ക് കുറെ പേരെ നഷ്ടപ്പെട്ട് പോയി,’ മണികണ്ഠന്‍ പറഞ്ഞു.

‘ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ ചേട്ടന്‍ എന്നിവരില്‍ നിന്നൊക്കെ പഠിക്കാന്‍ പറ്റി. ദുല്‍ഖര്‍ കൃത്യമായി സെറ്റില്‍ വരുമായിരുന്നു. കമ്മട്ടിപ്പാടത്തിലെ കൃഷ്ണനെ അവതരിപ്പിച്ചപ്പോള്‍ എന്റെ അഭിപ്രായത്തില്‍ ദുല്‍ഖര്‍ ഒരു മികച്ച ആക്ടറാണെന്ന് തോന്നി. കാരണം വിനായകന്‍ ചേട്ടനും എനിക്കും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാഹചര്യങ്ങളുണ്ട്. ഞങ്ങളുടെ ജീവിതത്തില്‍ കമ്മട്ടിപ്പാടമുണ്ട്. ഞങ്ങളുടെ ആത്മാവിലും ശരീരത്തിലും എവിടെയൊക്കെയോ ഗംഗയും ബാലനുമുണ്ട്. ഇതൊന്നുമില്ലാത്ത ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍.

ആള്‍ടെ ചെറുപ്പമൊക്കെ ചെന്നൈയിലാണ്. ഈ രണ്ട് ക്യാരക്ടേഴ്‌സിനൊപ്പം കൃഷ്ണന്‍ പിടിച്ചുനിന്നു.  അല്ലെങ്കില്‍ പല സ്ഥലങ്ങളിലും മേളിലെത്തി എന്ന് പറയുന്നത് ഗംഭീരമായി വര്‍ക്ക് ചെയ്തത് കൊണ്ടാണ്. ഞാനെടുത്തതിലും കൂടുതല്‍ സ്‌ട്രെയ്ന്‍ അല്ലെങ്കില്‍ അധ്വാനം അദ്ദേഹമെടുത്തിട്ടുണ്ട്. സിനിമയിലെ സ്ലാങ്ങ് പറഞ്ഞുകൊടുക്കാന്‍ ആളുണ്ടായിരുന്നു. വിനായകന്‍ ചേട്ടന്‍ ഉള്ള സ്‌പേസില്‍ വൈഡ് ആയിട്ട് ആക്ട് ചെയ്യുകയായിരുന്നു. ഒരു ഫ്രേമില്‍ പോലും വിനായകന്‍ ചേട്ടനെ കണ്ടിട്ടില്ല. ഗംഗ എന്ന കഥാപാത്രമായി തന്നെ വിനായകന്‍ ചേട്ടന്‍ ചെയ്യുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ തുറമുഖമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മണികണ്ഠന്റെ ചിത്രം. നിവിന്‍ പോളി നായകനാവുന്ന ചിത്രത്തില്‍ ഉമ്പോച്ച എന്ന കഥാപാത്രത്തെയാണ് മണികണ്ഠന്‍ അവതരിപ്പിക്കുന്നത്.

Content Highlight: Manikandan Acharya said that dulquer salman may have taken more work than himself and Vinayakan in kammattippadam