നവരസയെക്കുറിച്ച് ഇന്ത്യക്ക് പുറത്ത് നിന്ന് കിട്ടിയ പ്രതികരണങ്ങള്‍; സന്തോഷം പ്രകടിപ്പിച്ച് മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും
Entertainment news
നവരസയെക്കുറിച്ച് ഇന്ത്യക്ക് പുറത്ത് നിന്ന് കിട്ടിയ പ്രതികരണങ്ങള്‍; സന്തോഷം പ്രകടിപ്പിച്ച് മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th August 2021, 12:50 pm

സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുക്കിയ ആന്തോളജി ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച് ഇരുവരും.

ആഗസ്റ്റ് ആറിന് റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും പറഞ്ഞു.

‘സിംഗപൂര്‍, മലേഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ആദ്യത്തെ പത്തില്‍ നവരസ സ്ഥാനം പിടിച്ചിട്ടുണ്ട്. രസങ്ങളെക്കുറിച്ച് പറയുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് സാരം. പ്രേക്ഷകരില്‍ 40 ശതമാനവും ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണ്. ലോകമൊട്ടാകെയുള്ള ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷം,’ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും പറയുന്നു.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്തു എന്നതായിരുന്നു നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിച്ച ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് എന്നിവരും പങ്കാളികളാണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mani Ratnam says about Navarasa reviews