ചെന്നൈ: രാമക്ഷേത്ര ശിലാസ്ഥാപന കര്‍മ്മത്തിനെതിരെ നിലപാടെടുത്ത കര്‍ണാടിക് സംഗീതജ്ഞനും എഴുത്തുകാരനുമായ ടി.എം കൃഷ്ണയ്ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി ചെന്നൈയിലെ മണി കൃഷ്ണസ്വാമി അക്കാദമി.
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനകര്‍മ്മം അധാര്‍മികവും മതേതരത്വത്തിന് എതിരുമാണെന്നും അതില്‍ അഭിമാനം തോന്നുന്നില്ലെന്നും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ടി.എം കൃഷ്ണയ്‌ക്കെതിരെ മണി കൃഷ്ണ സ്വാമി അക്കാദമി തിരിഞ്ഞിരിക്കുന്നത്.
സുപ്രീംകോടതി വിധിക്ക് പിന്നാലെ ‘രാമജന്മഭൂമി’യില്‍ ‘ശ്രീരാമ മന്ദി’റിന്റെ ‘ഭൂമി പൂജ’ ആഘോഷത്തില്‍ രാജ്യം മുഴുവന്‍ ആഹ്‌ളാദിക്കുമ്പോള്‍ രാമക്ഷേത്ര ശിലാസ്ഥാപനത്തിനെതിരെ കൃഷ്ണ ചെയ്ത ട്വീറ്റുകള്‍ നിര്‍ഭാഗ്യകരവും അനവസരത്തിലുള്ളതുമാണ് എന്നാണ് അക്കാദമിയുടെ വാദം.
With absolutely no evidence to support this, let me say that the downfall of the BJP begins today.
And I am not a superstitious person.
ടി.എം. കൃഷ്ണയുടെ നടപടി ഇന്ത്യാവിരുദ്ധ സ്വാഭാവമുള്ളതാണെന്ന് ആരോപിച്ച അക്കാദമി നിരുത്തരവാദപരമായ നടപടിയില്‍ ഖേദിക്കുന്നെന്നും പറയുന്നു. അത്തരം കലാകാരന്മാര്‍ക്ക് ഭാവിയില്‍ തങ്ങളുടെ അക്കാദമി ആതിഥ്യം നല്‍കില്ലെന്നും മണി കൃഷ്ണ സ്വാമി അക്കാദമി പറയുന്നു.
കൃഷ്ണയുടെ ട്വീറ്റ് ദേശ വിരുദ്ധമാണെന്ന് ആരോപിക്കുന്ന അക്കാദമി ശ്രീരാമനെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഒരു സംഗ്രഹമായി ബഹുമാനപൂര്‍വ്വം കണക്കാക്കുന്ന കലാകാരന്മാരുടെയും ആസ്വാദകരുടേയും യഥാര്‍ത്ഥ വികാരങ്ങളെ വ്രണപ്പെടുത്തിയിരിക്കുന്നെന്നും കൃഷ്ണയുടെ നടപടി ഏറ്റവും കടുത്തരീതിയില്‍ അപലപിക്കപ്പെടേണ്ടതാണെന്നും പറയുന്നു.
അയോധ്യയില്‍ ‘ഭൂമിപൂജ’ നടന്ന ആഗസ്റ്റ് അഞ്ചിന് ടി.എം കൃഷ്ണ രാമക്ഷേത്ര ശിലാസ്ഥാപനത്തിനെതിരെയും ബി.ജെ.പിക്ക് എതിരേയും ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹം സ്വീകരിച്ച നിലപാടാണ് മണി കൃഷ്ണ സ്വാമി അക്കാദമിയുടെ ഇപ്പോഴുള്ള നീക്കത്തിന് പിന്നിലെ കാരണം.
” ഇതിനെ പിന്തുണയ്ക്കാന്‍ ഒരു തെളിവ് പോലുമില്ല, ഞാന്‍ പറയട്ടേ, ബി.ജെ.പിയുടെ പതനം ഇന്ന് തുടങ്ങുകയാണ്. ഞാന്‍ ഒരു അന്ധവിശ്വാസിയായ വ്യക്തിയല്ല,” എന്നായിരുന്ന ടി.എം കൃഷ്ണയുടെ ട്വീറ്റ്.
നാണംകെട്ട ദിവസം ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ടി.എം കൃഷ്ണയെ പിന്തുണച്ചുകൊണ്ടും കൃഷ്ണയെ വിലക്കാനുള്ള മണി കൃഷ്ണ സ്വാമി അക്കാദമിയുടെ നീക്കത്തെ വിമര്‍ശിച്ചും ഇതിനോടകം തന്നെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.