കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പടലപ്പിണക്കങ്ങള്‍ എത്രകണ്ട് മുന്നോട്ടുപോയാലും പാലായില്‍ ഇടതുമുന്നണിക്ക് തീരെ ആശങ്കയുണ്ടായേക്കില്ല. പാലാ നിയമസഭാ സീറ്റ് സി.പി.ഐ.എം ഏറ്റെടുക്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയതോടെ മണ്ഡലത്തില്‍ ഒരിക്കല്‍ക്കൂടി എന്‍.സി.പിക്കു കളമൊരുങ്ങുകയാണ്.
തങ്ങളുടെ സീറ്റില്‍ പതിവു പോലെ മാണി സി. കാപ്പനെ തന്നെ മത്സരിപ്പിക്കാനാണ് നിലവില്‍ എന്‍.സി.പി ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് സൂചന.
മൂന്നുതവണയാണു മുന്‍പ് മാണി സി. കാപ്പന്‍ കെ.എം മാണിയെ നേരിട്ടത്. അന്നൊക്കെയും മാണിയോടൊപ്പം വിജയം നിന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും മുന്‍ എം.പിയും എം.എല്‍.എയുമായിരുന്ന ചെറിയാന്‍ ജെ. കാപ്പന്റെ മകനാണ് മാണി സി. കാപ്പന്‍.
അതേസമയം എന്‍.ഡി.എയും ശക്തനായ സ്ഥാനാര്‍ഥിയെത്തന്നെ രംഗത്തിറക്കാനാണു സാധ്യത. കേരളാ കോണ്‍ഗ്രസുകാര്‍ തന്നെയായ പി.സി തോമസിന്റെയും പി.സി ജോര്‍ജിന്റെയും സ്വാധീന മേഖലകള്‍ കൂടി അടങ്ങുന്നതാണ് പാലാ നിയോജക മണ്ഡലം.
ബി.ജെ.പിക്ക് സീറ്റ് വിട്ടുനല്‍കി പുറത്തുനിന്നു പിന്തുണയ്ക്കുക എന്നതാവും ജോര്‍ജിന്റെ ലൈന്‍. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട പി.സി തോമസിനും പാലാ സീറ്റില്‍ കണ്ണുണ്ട്.
എന്നാല്‍ നിയമസഭയിലേക്ക് ഒരങ്കം നോക്കാന്‍ പി.സി തോമസ് തയ്യാറാകാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ കഴിഞ്ഞതവണ 24,000-ത്തോളം വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയെയാവും ബി.ജെ.പി രംഗത്തിറക്കുക.
ജോര്‍ജ് കുര്യന്‍, അഡ്വ. എസ്. ജയസൂര്യന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ടെന്നാണു സൂചന.