പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ ആദ്യ വിജയം നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചിരുന്നു. തങ്ങളുടെ മൂന്നാം മത്സരത്തില്‍ സൂപ്പര്‍ ക്ലബ്ബായ ലിവര്‍പൂളിനെയാണ് യുണൈറ്റഡ് തോല്‍പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് റെഡ് ഡെവിള്‍സ് വിജയിച്ചത്. ആദ്യ രണ്ട് മത്സരത്തില്‍ ദയനീയമായി തോറ്റതിന് ശേഷമാണ് യുണൈറ്റഡിന്റെ മികച്ച വിജയം.
ഒരുപാട് പ്രശ്‌നങ്ങള്‍ അലട്ടുന്ന ടീമിനെ തിരിച്ചുകൊണ്ടുവരുമെന്ന് പുതിയ കോച്ച് എറിക് ടെന്‍ ഹാഗ് യുണൈറ്റഡ് ആരാധകര്‍ക്ക് വാക്ക് കൊടുത്തിരുന്നു. കുറച്ചു മികച്ച സൈനിങ്ങും അദ്ദേഹത്തിന് ടീമിനായി നടത്താന്‍ സാധിച്ചു. എന്നാല്‍ മത്സരം ജയിക്കുന്നതില്‍ യുണൈറ്റഡ് പുറകിലായിരുന്നു.
ആദ്യ രണ്ട് മത്സരത്തിലും സമനില വഴങ്ങിയതിന് ശേഷം മൂന്നാം മത്സരത്തില്‍ ജയം പ്രതീക്ഷിച്ചായിരുന്നു ലിവര്‍പൂള്‍ ഇറങ്ങിയത്. എന്നാല്‍ ആവേശത്തോടെയും വാശിയോടെയും കളിച്ച് ചെകുത്താന്‍മാരുടെ മുമ്പില്‍ ക്ലോപ്പ് പട അടിയറവ് പറയുകയായിരുന്നു.
യുണൈറ്റഡിനായി ആദ്യം വല കുലുക്കിയത് സാഞ്ചോയായിരുന്നു. 16ാം മിനിട്ടിലായിരുന്നു സാഞ്ചോയുടെ ഗോള്‍. 53ാം മിനിട്ടില്‍ മാര്‍ക്കോസ് റാഷ്‌ഫോര്‍ഡും യുണൈറ്റഡിനായി വല കുലുക്കി. 81ാം മിനിട്ടില്‍ മുഹമ്മദ് സലായാണ് യുണൈറ്റഡിനായി ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തില്‍ ജയിച്ചതോടെ പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്തേക്ക് കുതിക്കാന്‍ എറിക്കിനും സംഘത്തിനുമായി. സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയും ക്യാപ്റ്റന്‍ എഹാരി മഗ്വെറും മത്സരത്തില്‍ ഇറങ്ങിയില്ലായിരുന്നു.
ഡിഫന്‍ഡര്‍ ലിസാന്‍ഡ്രൊ മാര്‍ട്ടിനസിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഫീഴേസ് അറ്റാക്കിങ്ങിന് പേരുകേട്ട ലിവര്‍പൂളിനെ പിടിച്ചുനിര്‍ത്തിയത് ഒരു പരിധി വരെ ലിസാന്‍ഡ്രൊയായിരുന്നു.
ലിവര്‍പൂളിനെതിരെ കാണിച്ച ഈ ആവേശം എല്ലാ മത്സരത്തിലും ടീമിന് വേണമെന്ന് മത്സരശേഷം കോച്ച് പറഞ്ഞു. ഈ വിജയത്തില്‍ താന്‍ സന്തോഷവാനാണെന്നും ലിവര്‍പൂളിനെതിരായ യുണൈറ്റഡിന്റെ റൈവല്‍റി തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലിവര്‍പൂളിന് എതിരെ മാത്രം പോര ഈ ഊര്‍ജ്ജം അത് എല്ലാ ടീമിനെതിരെയും ആവശ്യമാണെന്നും ഈ ഒത്തൊരുമയും ആവേശവും ടീം എല്ലാ മത്സരത്തിലും കൊണ്ടുവരേണ്ടതുണ്ടെന്നും ടെന്‍ ഹാഗ് പറഞ്ഞു.
ടീമില്‍ ലീഡേഴ്‌സിന്റെ ആവശ്യമുണ്ടെന്നും എല്ലാവരും അതുപോലെ പെരുമാറണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മത്സരത്തില്‍ ബ്രൂണോയുടെയും വരാനെയുടെയും പ്രകടനത്തില്‍ അദ്ദേഹം ഒരുപാട് തൃപ്തനാണ്.
യുണൈറ്റഡിന്റെ ആരാധകര്‍ വാദിച്ച പോലെ എറിക്കിന്റെ യുഗം യഥാര്‍ത്ഥത്തില്‍ ആരംഭിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണിത്.