Football
ഹാലണ്ടിന് ഡബിള്‍, ഒപ്പം 18കാരന്റെ മിന്നും പ്രകടനവും; സിറ്റിയുടെ കുതിപ്പില്‍ പ്രശംസയുമായി ആരാധകര്‍
ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ യങ് ബോയ്‌സിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കി. മത്സരത്തില്‍ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഇരട്ടഗോള്‍ നേടി മികച്ച പ്രകടനം നടത്തി.
ഹാലണ്ടിനൊപ്പം മത്സരത്തില്‍ ഇംഗ്ലണ്ട് യുവതാരമായ റിക്കോ ലൂയിസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിറ്റിയുടെ വിജയം ആഘോഷിക്കുന്നതിനോടൊപ്പം ഈ 18കാരന്റെ മിന്നും പ്രകടനത്തെ പ്രശംസിച്ചുകൊണ്ടും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.
‘റിക്കോ ലൂയിസ് മനോഹരമായ ഫുട്‌ബോളറാണ്. ഹാലണ്ടിന് ഫോമിലേക്ക് തിരിച്ചെത്തി മൂന്ന് പോയിന്റും ലഭിച്ചു,’ ഒരു ആരാധകന്‍ എക്സില്‍ കുറിച്ചു.
റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍താരം ജൂഡ് ബെല്ലിങ്ഹാം, ബാഴ്‌സലോണയുടെ സ്പാനിഷ് യുവതാരം ഗവിയുമായും ലൂയിസിനെ താരതമ്യം ചെയ്തുകൊണ്ട് മറ്റൊരു ആരാധകന്‍ പ്രതികരിച്ചു.
‘റിക്കോ ലൂയിസിനോടുള്ള എന്റെ ആവേശം കളിയില്‍ മാത്രമല്ല. അവന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കളത്തില്‍ എത്ര നന്നായി കളിക്കുന്നു എന്നതിലാണ്. അവന് 18 വയസ്സ് മാത്രമേ ഉള്ളൂ എന്നാണോ കരുതുന്നത്? 2022 ലോകകപ്പില്‍ കളിച്ച ജൂഡ് ബെല്ലിങ്ഹാമിനെയും ഗവിയെയും അവന്‍ ഓര്‍മിപ്പിക്കുന്നു,’ ആരാധകന്‍ ട്വീറ്റ് ചെയ്തു.
യങ് ബോയ്‌സിനെതിരെ മിന്നും പ്രകടനമാണ് ലൂയിസ് നടത്തിയത്. രണ്ട് ലോങ്ങ് ബൗളും ഒരു കീ പാസുമാണ് താരം പുറത്തെടുത്തത്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടൊപ്പം ആദ്യ ഇലവനില്‍ സ്ഥിരമായി സ്ഥാനം നേടിയെടുക്കാന്‍ ലൂയിസിന് സാധിച്ചിട്ടുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്നും താരം ഒരു അസിസ്റ്റ് നേടിയിട്ടുണ്ട്.
യങ് ബോയ്‌സിന്റെ ഹോം ഗ്രൗണ്ടായ വാങ്ക്‌ഡോര്‍ഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48ാം മിനിട്ടില്‍ മാനുവല്‍ അക്കാഞ്ചിയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം ലീഡെടുത്തത്.
എന്നാല്‍ 52ാം മിനിട്ടില്‍ മെസ്ചാക് ഏലിയ മറുപടി ഗോള്‍ നേടികൊണ്ട് 1-1 എന്ന നിലയില്‍ എത്തിച്ചു. എന്നാല്‍ 67ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു.
മത്സരത്തിന്റെ 86ാം മിനിട്ടില്‍ ഹാലണ്ട് മൂന്നാം ഗോള്‍ നേടിയതോടെ മത്സരം സിറ്റി പൂര്‍ണമായും പിടിച്ചെടുക്കുകയായിരുന്നു.
ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ മൂന്ന് വിജയവുമായി ഒന്നാം സ്ഥാനത്താണ് പെപും സംഘവും.
Content Highlight: Manchester city won in UCL the fans praises Rico lewis performance.