നെഞ്ചിലെ പ്യൂമ മാഞ്ഞേക്കും; ഹാലണ്ട് കാരണം മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി
Football
നെഞ്ചിലെ പ്യൂമ മാഞ്ഞേക്കും; ഹാലണ്ട് കാരണം മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 21st October 2022, 10:56 pm

പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ പ്യൂമയുമായുള്ള ഇടപാടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വമ്പന്‍ തിരിച്ചടിക്ക് സാധ്യത. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എര്‍ലിങ് ഹാലണ്ടിന്റെ സാന്നിധ്യമാണ് പ്യൂമ പിന്‍വലിഞ്ഞേക്കാനുള്ള സാധ്യതയായി ബ്രോഡ്കാസ്റ്ററായ കെയ്‌റണ്‍ മഗ്വയര്‍ ചൂണ്ടിക്കാണിക്കുന്നത്.

എത്ര കാലത്തേക്ക് എര്‍ലിങ് ഹാലണ്ട് സിറ്റിയില്‍ തുടരും എന്ന അനിശ്ചിതത്വമാണ് പ്യൂമ മുന്നോട്ട് വെക്കുന്ന പ്രധാന ആശങ്ക.

ഈ സമ്മറില്‍ ബുണ്ടസ് ലീഗ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നായിരുന്നു എര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ടീമിലെത്തിയ നിമിഷം മുതല്‍ ഈ നോര്‍വീജിയന്‍ താരം ഉണ്ടാക്കിയ ഇംപാക്ട് ചില്ലറയല്ല.

 

സിറ്റിക്കായി ഇതുവരെ 14 മത്സരങ്ങള്‍ കളിച്ച ഹാലണ്ട് 20 ഗോളുകളാണ് ഇതിനോടകം തന്നെ അടിച്ചുകൂട്ടിയത്. ഇതിന് പിന്നാലെ സിറ്റിയുടെ മെര്‍ച്ചെന്‍ഡൈസുകള്‍ക്കും ആവശ്യക്കാര്‍ ഏറുകയായിരുന്നു.

ദ ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഹാലണ്ട് ടീമിലെത്തിയതിന് പിന്നാലെ ടീമിന്റെ ജേഴ്‌സിയുടെ വിറ്റുവരവില്‍ 101 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

എന്നാല്‍ പ്യൂമ പുതിയൊരു ഡീലിന് സിറ്റിയുമായി കൈകോര്‍ക്കാന്‍ മടിച്ചേക്കുമെന്നാണ് മഗ്വയര്‍ പറയുന്നത്. ടീമില്‍ ഹാലണ്ടിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും മഗ്വയര്‍ പറയുന്നു.

എര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ഏറെ കാലം തുടരില്ലെന്ന് ഒരു ഉറപ്പുമില്ലെന്നാണ് മഗ്വയറിന്റെ വിലയിരുത്തല്‍.

 

‘സിറ്റി ജേഴ്‌സികളുടെ ജനപ്രീതി ശ്രദ്ധേയമാണ്. വിദേശത്തുള്ള ഏതൊരാളും ഹാലണ്ടിന്റെ ജേഴ്‌സികള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

കിറ്റ് മാനുഫാക്ചറേഴ്‌സുമായി ഏതെങ്കിലും തരത്തിലുള്ള ഒരു ഡീല്‍ നടക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഹാലണ്ടിന്റെ കാര്യമാകട്ടെ അവന്‍ എങ്ങനെ സിറ്റിയിലേക്ക് വന്നുവോ, അതുപോലെ തന്നെ അവന് പുറത്ത് പോകാനും സാധിക്കും.

അതിനാല്‍ ഈ വിറ്റുവരവിന് കാരണക്കാരനായ പ്രധാനി ടീമില്‍ ഇല്ലെങ്കിലും ഒരാള്‍ പോലും ഒരു ലോങ് ടേം ഡീലില്‍ സ്വയം തലവെക്കാന്‍ സാധ്യതയില്ല,’ ഫുട്‌ബോള്‍ ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ മഗ്വയര്‍ പറഞ്ഞു.

 

അതേസമയം, പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മികച്ച പ്രകടനമാണ് സിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ പത്ത് മത്സരം കളിച്ച സിറ്റി ഏഴ് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. യര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂളിനോട് മാത്രമാണ് സീസണില്‍ സിറ്റി പരാജയമേറ്റുവാങ്ങിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് സിറ്റി. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്റാണ് സിറ്റിക്കുള്ളത്.

ശനിയാഴ്ചയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. ബ്രിഗ്ടണ്‍ ആണ് എതിരാളികള്‍.

 

 

Content Highlight: Manchester City will reportedly face a major setback in their deal with Puma due to Erling Haaland