കൊച്ചി: കോതമംഗലത്ത് കൊല്ലപ്പെട്ട മാനസ പോകുന്നത് കൊല ചെയ്ത രാഖില്‍ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം.
താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ വഴിയിലൂടെ പോകുന്ന മാനസയെ നോക്കുന്നത് കണ്ടിരുന്നെന്നും ഇയാളെ പറ്റി വിവരങ്ങളൊന്നും ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്നും കാസീം പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, രാഖില്‍ മാനസയെ കൊല്ലാനുപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഖിലിന് നാടന്‍ തോക്ക് എവിടെ നിന്ന് കിട്ടി എന്നതാണ് അന്വേഷിക്കുന്നത്.
അന്വേഷണത്തിനായി നാലംഗ പ്രത്യേക സംഘം കണ്ണൂരിലെത്തി. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം. റൈഫിള്‍ ആണെന്ന് കണ്ടെത്തിയിരുന്നു. രാഖിന്‍ലിന്റെ സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്യും.
കഴിഞ്ഞദിവസമാണ് രാഖില്‍ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയത്. നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ.
വെള്ളിയാഴ്ച ഉച്ചയോടെ പ്രതി രാഖില്‍ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച് രാഖില്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു. മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് നെഞ്ചിലും തലയിലും വെടിവച്ചു. ഇതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നു.