Entertainment
അത് അവരുടെ വീട്ടിലെ കുട്ടി ആണെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുമോ? മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 23, 11:49 am
Tuesday, 23rd May 2023, 5:19 pm

തന്റെ അസുഖത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളെപ്പറ്റി സംസാരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്. അസുഖം ബാധിച്ചതിനെ തുടര്‍ന്നുണ്ടായ രൂപവ്യത്യാസങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. സ്വന്തം വീട്ടിലെ കുട്ടികള്‍ ആണെങ്കില്‍ ഇത്തരം ചര്‍ച്ചകള്‍ ആളുകള്‍ നടത്തുമോയെന്നും മംമ്ത ചോദിച്ചു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘കാന്‍സറിന്റെ ആദ്യത്തെ ഫേസ് കഴിഞ്ഞാണ് ഞാന്‍ ആദ്യമായിട്ട് അസുഖത്തെപ്പറ്റി പുറംലോകത്തോട് വിളിച്ചുപറയുന്നത്.
അപ്പോള്‍ ഞാന്‍ ട്വിറ്റര്‍ തുടങ്ങിയ സമയം ആയിരുന്നു. അതിലെ കമെന്റ്‌സ് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ‘മുടിയൊക്കെ പോയി ക്ഷീണിച്ചല്ലോ’ എന്നായിരുന്നു അതില്‍ കൂടുതലും. അപ്പോഴൊന്നും ആളുകളുടെ കമന്റുകള്‍ എന്നെ ബാധിച്ചിരുന്നില്ല. ആളുകള്‍ക്ക് ഞാന്‍ അസുഖത്തില്‍നിന്നും തിരികെ വരികയാണെന്ന് അറിയില്ലായിരുന്നു. കഴിയുന്നത്രയും ഞാന്‍ ആളുകള്‍ക്ക് മറുപടി നല്‍കാതിരുന്നു, എന്റെ അസുഖത്തെപറ്റിയും. രണ്ടുവര്‍ഷത്തിന് ശേഷമാണ് അസുഖത്തെപ്പറ്റി ആളുകളോട് വിളിച്ചുപറഞ്ഞത്. അപ്പോഴേക്കും ഞാന്‍ സാധാരണ ഗതിയിലേക്ക് മാറിയിരുന്നു.

ഒരാളുടെ കോണ്‍ഫിഡന്‍സിനെയൊക്കെ തകര്‍ക്കുന്ന രീതിയിലായിരുന്നു ആളുകളുടെ പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ അവരുടെ വീട്ടിലെ കുട്ടികളാണെങ്കില്‍ അവര്‍ ചോദിക്കുമോ?
എനിക്കുണ്ടായ ഓട്ടോ ഇമ്മ്യൂണ്‍ പ്രോബ്ലം വളരെ ഗൗരവമേറിയ കാര്യം ആയിരുന്നു. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇതിനെച്ചൊല്ലി പ്രതികരിച്ചത്. അല്ലെങ്കില്‍ ഞാന്‍ ഇതിനെപ്പറ്റി സംസാരിക്കുകയിലായിരുന്നു. ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നത് വളരെ സാധാരണയായാണ് കാണുന്നത്.

അഭിമുഖത്തില്‍ ജനഗണമന, ലൈവ് എന്ന ചിത്രങ്ങള്‍ തെരഞ്ഞടുത്തത് അതിലെ കണ്ടന്റ് ഇഷ്ടപ്പെട്ടതുകൊണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘കണ്ടന്റുകളിലെ മികവുകള്‍ നോക്കിയാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്. അങ്ങനെ ഞാന്‍ തെരഞ്ഞെടുത്ത സിനിമയാണ് ജനഗണമന. കാരണം ഈ സിനിമ ആളുകള്‍ ഏറ്റെടുക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അതുപോലെ തന്നെയാണ് എനിക്ക് ലൈവ്. വ്യക്തിപരമായും ആ സിനിമ എനിക്ക് വളരെ പ്രധാനപ്പെട്ട സിനിമയാണ്,’മംമ്ത പറഞ്ഞു.

Content highlights: Mamta Mohandas on cyber bullying