വിവാദങ്ങള്‍ അവസാനിക്കുന്നില്ല; മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് ക്യാമറമാനടക്കം പുറത്ത്
Malayalam Cinema
വിവാദങ്ങള്‍ അവസാനിക്കുന്നില്ല; മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്ന് ക്യാമറമാനടക്കം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th January 2019, 10:53 pm

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തില്‍ നിന്ന് വീണ്ടും പുറത്താക്കല്‍ നടന്നു. ഇത്തവണ ടെക്‌നിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള മൂന്ന് പേരാണ് പുറത്താക്കപ്പെട്ടത്.

തെന്നിന്ത്യയിലെ മികച്ച ഛായഗ്രഹരില്‍ ഒരാളായ ഗണേഷ് രാജവേലു, കോസ്റ്റ്യും ഡിസൈനര്‍ അനു വര്‍ദ്ധന്‍, ആര്‍ട് ഡയറക്ടര്‍ സുനില്‍ ബാബു. എന്നിവരെയാണ് പുറത്താക്കിയത്. നേരത്തെ ചിത്രത്തില്‍ നിന്ന് നടന്‍ ധ്രുവനെ മാറ്റിയിരുന്നു. പകരം ഉണ്ണിമുകുന്ദനെയാണ് ഈ റോളിലേക്ക് തിരഞ്ഞ് എടുത്തത്.

ചിത്രത്തില്‍ നിന്ന് സംവിധായകന്‍ സജീവ് പിള്ളയെ തന്നെ മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇത് തെറ്റാണെന്ന് സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ആയി സംവിധായകന്‍ എം. പത്മകുമാറിനെ കൊണ്ട് വന്നിരുന്നു.

Also Read  “രാജശേഖരാ നിനക്ക് വേണ്ടി ഞാന്‍ വോട്ട് ചെയ്യും നിന്റെ പാര്‍ട്ടിക്ക് വേണ്ടിയല്ല”; വൈ.എസ്.ആര്‍ ആയി നിറഞ്ഞാടി മമ്മൂട്ടി, യാത്രയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

തെന്നിന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരാണ് ഗണേഷും അനു വര്‍ദ്ധനും, സുനില്‍ ബാബുവും. വിജയ്- മോഹന്‍ലാല്‍ ചിത്രമായ ജില്ലക്ക് ക്യാമറ ചലിപ്പിച്ചത് ഗണേഷായിരുന്നു. ബോളിവുഡ് ചിത്രമായ ധോണി, ഗജനി തുടങ്ങിയ ചിത്രങ്ങളുടെ ആര്‍ട് ഡയറക്ടറായിരുന്നു പുറത്താക്കപ്പെട്ട സുനില്‍ ബാബു.

അശോക, ബില്ല, കബാലി എന്നീ ചിത്രങ്ങളുടെ കോസ്റ്റ്യും ഡയറക്ടറായിരുന്നു അനു വര്‍ദ്ധന്‍. വേണു കുന്നപ്പള്ളി എന്ന ബിസിനസുകാരനാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ഇതിനോടകം 14 കോടി ചിലവാക്കി ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ ഒഴിവാക്കി പുതിയത് ചിത്രീകരിക്കാനാണ് നീക്കമെന്നാണ് അണിയറ സംസാരം.

അതേസമയം തന്നെ പുറത്താക്കിയതിന് എതിരെ ഛായാഗ്രഹകന്‍ ഗണേഷ് സൗത്ത് ഇന്ത്യ സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷനില്‍ ഇതിനോടകം പരാതി നല്‍കിയിട്ടുണ്ട്. ചിത്രത്തിന് എന്താണ് സംഭവിക്കുന്നതെന്ന ആകാംഷയിലാണ് പ്രേക്ഷകരും മമ്മൂട്ടി ആരാധകരും.