Entertainment news
ശ്രീജേഷിന്റെ മെഡല്‍ പിടിച്ചുനോക്കി പൂച്ചെണ്ട് കൈമാറി മമ്മൂട്ടി; അഭിനന്ദനങ്ങളുമായി വീട്ടിലെത്തി നടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 12, 07:23 am
Thursday, 12th August 2021, 12:53 pm

കിഴക്കമ്പലം: ഒളിംപിക്സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷിന് അഭിനന്ദനങ്ങള്‍ അറിയിക്കാനായി മമ്മൂട്ടിയെത്തി. ശ്രീജേഷിന്റെ വീട്ടിലെത്തിയാണ് മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു.

അഭിനന്ദനങ്ങള്‍ അറിയിച്ചതിനൊപ്പം പൂച്ചെണ്ടും ശ്രീജേഷിന് മമ്മൂട്ടി കൈമാറി. കിഴക്കമ്പലം പള്ളിക്കരയിലെ ശ്രീജേഷിന്റെ വീട്ടിലാണ് മമ്മൂട്ടിയെത്തിയത്.

ഒളിമ്പിക്‌സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആര്‍ ശ്രീജേഷ് പറഞ്ഞു.

ശ്രീജേഷ് വെങ്കല മെഡല്‍ മമ്മൂട്ടിയെ കാണിക്കുകയും ചെയ്തു.

ശ്രീജേഷിന് രണ്ട് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനമായിട്ടുണ്ട്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളി താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും.

നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീജേഷ്.

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നുവെന്നാരോപിച്ച് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

നേരത്തെ പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mammootty visits pr sreejesh home