'ഞാന്‍ മമ്മൂട്ടിയെ സ്‌നേഹിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മധു സാര്‍ തന്നെ പറഞ്ഞിട്ടുണ്ട്'
Entertainment news
'ഞാന്‍ മമ്മൂട്ടിയെ സ്‌നേഹിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മധു സാര്‍ തന്നെ പറഞ്ഞിട്ടുണ്ട്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th September 2023, 12:27 pm

90ാം വയസിലേക്ക് കടന്നിരിക്കുകയാണ് നടന്‍ മധു. നവതിയിലേക്ക് കടക്കുന്ന മധുവിന് ആശംസകളര്‍പ്പിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വരുന്നത്. 90ാം പിറന്നാള്‍ ആഘോഷിക്കുന്ന മധുവിനോടുള്ള തന്റെ ആരാധനയെ പറ്റി സംസാരിക്കുകയാണ് മമ്മൂട്ടി.

മധുവാണ് തന്റെ ആദ്യത്തെ സൂപ്പര്‍ സ്റ്റാറെന്നും സുന്ദരന്‍ സ്റ്റാറെന്നും മമ്മൂട്ടി പറഞ്ഞു. മലയാള മനോരമ ഞായറാഴ്ച സപ്ലിമെന്റില്‍ എഴുതിയ കുറിപ്പില്‍ മധുവിനെ ആദ്യമായി കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു.

‘എന്നും എന്റെ സൂപ്പര്‍ സ്റ്റാറാണ് മധു സാര്‍, എന്റെ സുന്ദരന്‍ താരം. ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന നടനും അദ്ദേഹമാണ്. എന്റെ നാടായ വൈക്കം ചെമ്പിനടുത്ത് മുറിഞ്ഞ പുഴയില്‍ കാട്ടുപൂക്കളുടെ ഷൂട്ടിങ് നടക്കുന്ന സമയമാണത്. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു.

ഷൂട്ടിങ് കാണാനുള്ള കൊതിയില്‍ കൂട്ടുകാരനുമൊത്ത് ചെറിയൊരു വള്ളം തുഴഞ്ഞ് അവിടേക്ക് പോകുകയായിരുന്നു. വള്ളവുമായി കാത്തുനില്‍ക്കുമ്പോള്‍ ഒരു സ്വപ്‌നം പോലെ മധു സാര്‍ അതാ ഞങ്ങളുടെ വള്ളത്തില്‍ വന്നുകയറി. അതില്‍പരം ഒരു ത്രില്‍ ഉണ്ടോ? അതോടെ പിന്നെ അദ്ദേഹം എന്റെ സ്വന്തം താരമായി.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ആദ്യമായി കത്തെഴുതുന്ന നടനും മധു സാറാണ്. എവിടെ നിന്നോ കിട്ടി ‘ഗൗരി ശപട്ടം’ എന്നൊക്കെയുള്ള ഒരു വിലാസത്തില്‍ ‘ഞാന്‍ അങ്ങയുടെ ആരാധകനാണ്’ എന്നൊക്കെ പറഞ്ഞായിരുന്നു കത്ത്. പണ്ടേ ഞാന്‍ സ്വപ്‌നം കാണുന്ന ആളായിരുന്നു മധു സാര്‍. നമ്മള്‍ക്ക് ഏറെ അടുപ്പമുള്ളവരെയാണല്ലോ സ്വപ്‌നം കാണുക. വളരെ വേണ്ടപ്പെട്ടയാള്‍ എന്ന് എപ്പോഴും മനസ് പറയുന്ന ഒരാളാണ് അദ്ദേഹം.

എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. പടയോട്ടത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ഞാന്‍ എന്റെ ആരാധന അദ്ദേഹത്തോട് തുറന്ന് പറയുന്നത്. അദ്ദേഹത്തിന് എന്നോടുള്ള ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്. ഞാന്‍ മമ്മൂട്ടിയെ സ്‌നേഹിക്കുന്നതിനെക്കാള്‍ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് മധു സാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതു തന്നെ വലിയ അംഗീകാരമാണ്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty talks about his admiration towards Madhu